‘എസ്എഫ്ഐ ക്രിമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്’; ജനങ്ങള്‍ സര്‍ക്കാരിനെയും മുന്നണിയെയും വേരോടെ പിഴുതെടുത്ത് ദൂരെക്കളയും: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ എസ്എഫ്ഐ നടത്തിയ മനുഷ്യത്വ രഹിതമായ നരനായാട്ടിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ എംഎല്‍എമാരായ എം.വിന്‍സെന്‍റിനും ചാണ്ടി ഉമ്മനും എതിരെ കേസെടുത്ത പോലീസ് നടപടി ഇടതു സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് മുഖമാണ് വീണ്ടും വെളിച്ചത്തു കൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. എസ്എഫ്ഐക്കാര്‍ക്ക് എന്തു തോന്ന്യവാസം ചെയ്യാനും ആരെയും അടിച്ചു ചതയ്ക്കാനും ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് കേരളത്തില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊയിലണ്ടി കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ കരണത്തടിച്ചത് കഴിഞ്ഞ ദിവസമാണ്. പൂക്കോട് വെറ്റിനറി സര്‍വ്വകാലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയോട് കാണിച്ച കൊടും ക്രൂരത സമാനതകളില്ലാത്തതാണ്. കാര്യവട്ടത്ത് കെഎസ്‌യു
ജില്ലാ സെക്രട്ടറി സാന്‍ ജോസിനെ ഇടി മുറിയില്‍ കയറ്റി തല്ലി ചതയ്ക്കുകയായിരുന്നു. ഈ സംഘടന ഇത്രത്തോളം ക്രിമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്വം അവരുടെ അതിക്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന സിപിഎം നേതൃത്വമാണ്. കാര്യവട്ടത്തെ കൊടും ക്രൂരതയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പോലും സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന നിലപാടാണ് എംഎല്‍മാര്‍ക്കെതിരെ കേസെടുത്തതിലൂടെ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് ഇവര്‍ ഒരു പാഠവും പഠിക്കാന്‍ പോകുന്നില്ലെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഈ സര്‍ക്കാരിനെയും മുന്നണിയെയും വേരോടെ പിഴുതെടുത്ത് ദൂരെക്കളയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Comments (0)
Add Comment