ഇനിയും പിഴുതെറിയും : സുപ്രീംകോടതി ഉത്തരവ് പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, March 28, 2022

ന്യൂഡല്‍ഹി : സില്‍വർ ലൈന്‍ പദ്ധതിയില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ലെന്ന് രമേശ് ചെന്നിത്തല. സർവ്വേക്കല്ലിട്ടാല്‍ ഇനിയും പിഴുതെറിയും. സർവ്വേ നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ സർവ്വേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നിലപാടിൽ വ്യക്തതയില്ല . സർവേ നടത്തുന്നതിന് യുഡിഎഫ് എതിരല്ല. സർവേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിർക്കുന്നത്. ജനങ്ങളുടെ വികാരം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പ്രതികരിച്ചു. സിൽവർലൈൻ സർവേ ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഭൂവുടമകൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

അതേസമയം, മുൻകൂർ അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ല  ഹൈക്കോടതി‌ നിരീക്ഷിച്ചു. കെ റെയിൽ  അടക്കം ഏത് പദ്ധതിയായാലും സർവേ നടത്തുന്നത് നിയമപരമായി തന്നെയാകണമെന്നും   മുൻകൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്നും  കോടതി വ്യക്തമാക്കി. ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാൻ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.