‘പൊളിഞ്ഞത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള കള്ളക്കളി’ : രമേശ് ചെന്നിത്തല

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്‍റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കള്ളക്കളിയാണ് പൊളിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ എല്ലാ അന്വേഷണങ്ങളെയും അട്ടിമറിക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു പ്രഹസനമായിരുന്നു കോടതി ഇന്ന് തള്ളിക്കളഞ്ഞത്. വാസ്തവത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുതീർപ്പിന്‍റെ ഭാഗമായി കേന്ദ്ര അന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസും തമ്മിൽ കള്ളക്കളി നടക്കുകയായിരുന്നു.  ഇതാണ് കോടതി തള്ളിക്കളഞ്ഞിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരന്വേഷണവും നടക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആഗ്രഹം. ഇതിനോട് ചേർന്നുനിൽക്കുന്ന കേന്ദ്ര ഏജൻസികളെയും ബിജെപിയെയുമാണ് നമ്മള്‍ കണ്ടത്. സംസ്ഥാന സർക്കാരിന് ഇത്ര വിഡ്ഡി വേഷം കെട്ടേണ്ട കാര്യമില്ലായിരുന്നു. സിആർപിസി അനുസരിച്ച് ഇഡിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇത് നടപ്പാക്കാൻ ശ്രമിച്ചത് തന്നെ ആളുകളെ പറ്റിക്കാനാണ്. സർക്കാരിന്‍റെ ഇത്തരം കള്ളക്കളികൾ കൊണ്ട് ജനങ്ങളെ പറ്റിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കാന്‍ പോവുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment