മുഖ്യമന്ത്രിക്ക് തന്നിലേക്ക് അന്വേഷണം നീളുമെന്ന ഭയം, നടപടി മുഖം രക്ഷിക്കാന്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്| VIDEO

Jaihind News Bureau
Tuesday, July 7, 2020

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ശിവശങ്കറിനെതിരെ ഇപ്പോൾ സ്വീകരിച്ചത്  ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള നടപടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  സെക്രട്ടറിയെ മാറ്റിയത് വഴി പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി ശരി വച്ചു. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പരിഹാരമാകില്ല. സെക്രട്ടറി ചെയ്തതിന്‍റെ  ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വന്തം  ഓഫീസിൽ ഇത്തരം അവതാരങ്ങൾ എങ്ങനെ വന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാളെ വകുപ്പിൽ നിയമിച്ചത് ഗുരുതരമായ വീഴ്ചയാണ്.  സ്പ്രിംങ്ക്ളർ, ബെവ്കോ, ഇ മൊബിലിറ്റി മുതല്‍ എല്ലാ അഴിമതികളിലും സംരക്ഷിച്ചു. തന്നിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ഭയത്താലാണ് മുഖ്യമന്ത്രിയുടെ വൈകിയ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.