ഇഎംസിസി ഫയല്‍ മേഴ്സിക്കുട്ടിയമ്മ രണ്ട് തവണ കണ്ടു ; ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം :  ആഴക്കടല്‍ മത്സ്യബന്ധനക്കൊള്ള പ്രതിപക്ഷം പൊളിച്ചതില്‍ മുഖ്യമന്ത്രിക്ക് അരിശമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ഉള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഗൂഢപദ്ധതികള്‍ പൊളിഞ്ഞു. അരിശം സ്വാഭാവികമാണ്. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ ഫയല്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രണ്ട് തവണ കണ്ടതിന് രേഖയുണ്ട്. മന്ത്രിയും മുഖ്യമന്ത്രിയും തുടക്കം മുതല്‍ കള്ളംപറയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ ഫയല്‍ പുറത്തുവിടാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഇഎംസിസിയുമായി താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സർക്കാർ പറയുന്നത്. ഐശ്വര്യ കേരള യാത്രയില്‍ എല്ലാ ദിവസവും അതാത് ജില്ലകളിലെ ആളുകളുമായി സംവദിക്കുന്ന ഒരു പരിപാടിയുണ്ട്. ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന ഘട്ടത്തില്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പുള്ളയിലാണ് ഈ നിര്‍ണായക വിവരം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇ.എം.സി.സി എന്ന അമേരിക്കന്‍ കമ്പനിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറഷനും തമ്മില്‍ 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടിയുള്ള കരാര്‍ ഒപ്പിട്ടു. തീരപ്രദേശത്ത് ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ജാക്‌സണ്‍ പുള്ളയില്‍ തന്നോട് പറയുകയുണ്ടായി. ആദ്യമായിട്ടാണ് ആ വിവരം താന്‍ അറിയുന്നത്.

തുടര്‍ന്നാണ് താന്‍ അന്വേഷണം നടത്തുന്നതും സര്‍ക്കാരിന്റെ കള്ളകളികള്‍ ഓരോന്ന് പുറത്ത് കൊണ്ടുവരുന്നതും. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ അല്ല. ഇ.എം.സി.സിക്കാര്‍ തന്നെ വന്നുകണ്ടുവെന്നും പഴയ പ്രൈവറ്റ് സെക്രട്ടറി രേഖകള്‍ തന്നുവെന്ന് പറയുന്നതും അസത്യമാണ്. ഇ.എം.സി.സിക്കാര്‍ അവരുടെ കരാറിന് വിലങ്ങുതടിയാകുന്ന ഒരു കാര്യം ചെയ്യുമെന്ന് സ്ഥിരബുദ്ധിയുള്ള ആരെങ്കിലും പറയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കള്ളം കൈയോടെ പിടിക്കുമ്പോള്‍ ഗൂഢാലോചന സിദ്ധാന്തവുമായി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment