‘ബെവ് ക്യു’: ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങളില്‍ കൃത്രിമം കാട്ടി; സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, May 27, 2020

 

മദ്യവില്‍പ്പനയ്ക്കായുള്ള ‘ബെവ് ക്യു’ ആപ്പ് നിര്‍മ്മാണത്തിനായി ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സഹയാത്രികന്റെ കമ്പനിയെ തെരഞ്ഞെടുത്തത് രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും നടപടികളില്‍ കൃത്രിമം കാട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിക്ക് മുന്‍ പരിചയമില്ല. കരാര്‍ നല്‍കിയതില്‍ സ്വജനപക്ഷപാതമെന്നും അദ്ദേഹം പറഞ്ഞു.

എസ്എംഎസ് സേവനത്തിന് കാശുവേണ്ടെന്ന് പറഞ്ഞ കമ്പനിക്ക് കരാര്‍ നല്‍കിയില്ല. 6 കോടി രൂപയോളം എസ്എംഎസ് ഇനത്തില്‍ ഫെയര്‍കോഡിന് ലഭിക്കും. ഇങ്ങനെ കോടികള്‍ സ്വന്തമാക്കാനുള്ള വഴി സര്‍ക്കാര്‍ ഉണ്ടാക്കി. എസ്എംഎസ് നിരക്ക് തീരുമാനിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. വെര്‍ച്വല്‍ ക്യു സംവിധാനം തട്ടിപ്പാണ്. തന്റെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അഴിമതി കണ്ടെത്തണം. അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമനടപടിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.