പൊലീസ് ബാലറ്റ് തിരിമറി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേയ്ക്ക്

Jaihind Webdesk
Friday, May 10, 2019

Ramesh-Chennithala-Jan-15

സംസ്ഥാനത്തെ പൊലീസ് സേനയിലെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ഇപ്പോള്‍ വിതരണം ചെയ്ത മുഴുവന്‍ പോസറ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അടിയന്തര സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടും.

പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക, സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്‍റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുക.

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച് പ്രതിപക്ഷനേതാവ് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ട്രറല്‍ ഓഫീസര്‍ക്ക് നല്‍കിയത്. ആദ്യം നല്‍കിയ കത്ത് സംസ്ഥാന ഇലക്ട്രറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിന്മേല്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോള്‍ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും രണ്ട് കത്തുകള്‍ കൂടി നല്‍കി. ക്രമക്കേട് ബോധ്യപ്പെട്ട ഇലക്ട്രറല്‍ ഓഫീസര്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വോട്ടെണ്ണാന്‍ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

താന്‍ ആദ്യം നല്‍കിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണം. അന്ന് നല്‍കിയ കത്തില്‍ കഴമ്പില്ലെന്ന് മടക്കിയ അതേ പൊലീസ് മേധാവിയുടെ കീഴില്‍ തന്നെയാണ് ഇപ്പോള്‍ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാല്‍ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.[yop_poll id=2]