സെക്രട്ടറിയേറ്റിലെ തീപിടിത്തം: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണ്ണറെ കണ്ടു.

Jaihind News Bureau
Tuesday, August 25, 2020

 

തിരുവനന്തപുരം:     സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്‍റെ  എല്ലാ തെളിവുകളും  നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.    രാജ്ഭവനിലെത്തി ഗവര്‍ണറെ  സ്ഥിതിഗതികള്‍ ധരിച്ചിപ്പച്ച ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ ഈ സംഭവവികാസങ്ങളുമായി  ബന്ധപ്പെട്ട് വിശദമായ നിവേദനം നാളെ ഗവര്‍ണ്ണര്‍ക്ക്  നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം എല്‍ എ മാരായ വി എസ് ശിവകുമാര്‍,  പി.കെ   ബഷീര്‍, വി ടി ബല്‍റാം എന്നിവരും പ്രതിപക്ഷനേതാവിനോടൊപ്പമുണ്ടായിരുന്നു.

ഫയലിന് തങ്ങള്‍ തീവച്ചതാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ തന്നെ പറയുന്നു.   സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നടന്ന തീപിടുത്തത്തില്‍  നഷ്ടപ്പെട്ടത്  തികച്ചും ദുരൂഹമാണെന്ന്  ഗവര്‍ണ്ണറെ ധരിപ്പിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.  ഈ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത് ആശാസ്യകരമല്ലെന്ന് ഗവര്‍ണ്ണറെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട്  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും, എന്‍ ഐ എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുവരാന്‍ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകള്‍ എല്ലാം നശിപ്പിച്ചത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് ഈ നിലയില്‍ ഔദ്യോഗിക ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയുമോ.  ഇതെല്ലാം വളരെ ഗൗരവമുള്ള  പ്രശ്‌നങ്ങളാണ്.  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും തീവെട്ടിക്കൊള്ളയും  പുറത്ത് വരുമെന്ന് പേടിച്ചാണ്  ഈ ഫയലുകളൊക്കെ നശിപ്പിച്ചത്. സെക്രട്ടറിയേറ്റിലെയും, ക്‌ലിഫ് ഹൗസിലെയും  സി സി ടി വി കാമറകള്‍ ഇടിവെട്ടിപ്പോയി എന്നാണ്  പറയുന്നത്.  ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട  റെഡ് ക്രെസന്‍റും സംസ്ഥാന സര്‍ക്കാരുമായി  ഒപ്പുവച്ച  എംഒയുവിന്‍റെ ഒരു കോപ്പി   പ്രതിക്ഷ നേതാവ്  ചോദിച്ചിട്ട്  മൂന്നാഴ്ചയാകുന്നു. ഇതുവരെ  സര്‍ക്കാര്‍ തന്നില്ല.  എല്ലാം മറച്ചുവയ്ക്കുന്ന ഭരണഘടനാപരമായ പ്രവര്‍ത്തിക്കാത്ത ഒരു സര്‍ക്കാരാണിത്.  ആ സര്‍ക്കാരിന്‍റെ അഴിമതികളെക്കുറിച്ച് വളരെ ദീര്‍ഘമായി ഗവര്‍ണ്ണറോട് സംസാരിച്ചുവെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട്   പറഞ്ഞു.

കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള  മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ ഉള്‍പ്പെടെയുളളവരുടെ കൈ ഇതിന്‍റെ  ഈ  തീപിടുത്തത്തിന്‍റെ പിന്നിലുണ്ടെന്ന്  ആരെങ്കിലും സംശയിച്ചാല്‍  അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.  ഈ സംഭവങ്ങളെ ലാഘവ ബുദ്ധിയോടെ കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ഗവര്‍ണറോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഭരണത്തലവന്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

teevandi enkile ennodu para