ലൈഫ്: സ്വന്തം ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് വിചിത്രം ; തെളിവ് പുറത്തുവിട്ട് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Saturday, October 3, 2020

 

തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ടലംഘനം അന്വേഷിക്കാന്‍ 2017ല്‍ സിബിഐക്ക് അനുമതി നൽകിയ സർക്കാരാണ് ഇപ്പോൾ ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  സ്വന്തം ഉത്തരവിനെതിരെ ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിച്ചത് വിചിത്രമെന്നും അദ്ദേഹം ആരോപിച്ചു. എഫ്‌സിആര്‍എ ചട്ടലംഘനം അന്വേഷിക്കാന്‍ 2017 ജൂണ്‍ 13ന് സർക്കാർ അനുമതി നല്‍കിയ ഉത്തരവ് അദ്ദേഹം പുറത്തുവിട്ടു.

ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ ഗസറ്റായാണ് സംസ്ഥാന സർക്കാർ സിബിഐക്ക് അനുവാദം നൽകിയത്. അഴിമതി പിടിക്കും എന്ന് കണ്ടപ്പോൾ സ്വന്തം ഉത്തരവിനെതിരെ സർക്കാർ പടപൊരുതുകയാണ്.  മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ചോദ്യം ചെയ്യുമെന്ന ഭയമാണ് സർക്കാരിന്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നത് കൊണ്ടാണ് കോടതിയിൽ ഹർജി നൽകിയത്. കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.