ലൈഫ് മിഷന്‍: കോഴ ഇടപാട് നടന്നത് മുഖ്യമന്ത്രിയുടെ കാർമികത്വത്തില്‍, ധനമന്ത്രി സാക്ഷി: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, August 21, 2020

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് ഉപകരാറിൽ ബന്ധമില്ല എന്ന് പറഞ്ഞത് തെറ്റാണ്. യൂണിടാകും സർക്കാരുമായുള്ള ബന്ധം തെളിഞ്ഞു. സർക്കാരിന്‍റെ കൂടി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് റെഡ് ക്രസ്റ്റന്‍റ് കരാർ നൽകിയത്. കോഴ  നൽകിയത് സർക്കാരിന്‍റെ  അറിവോടെയാണ്. ഇടപാട് നടന്നത് മുഖ്യമന്ത്രിയുടെ കാർമ്മികത്വത്തിലാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

4.15 കോടി കോഴ നൽകി എന്ന് പാർട്ടി ചാനലിൽ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞതും,  തനിക്ക് അറിയാമായിരുന്നു എന്ന് ധനകാര്യ മന്ത്രി പറഞ്ഞതും ഗൗരവതരമാണ്. ധനകാര്യ മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ ഇക്കാര്യം എന്തു കൊണ്ട് അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ട്രഷറി തട്ടിപ്പിൽ മൂകസാക്ഷിയായിരുന്ന മന്ത്രി ലൈഫ് മിഷനിൽ കോഴ സാക്ഷിയായി. ഈ മന്ത്രി അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിന് വിശ്വാസ്യതയില്ല. ലൈഫ് മിഷൻ ചെയർമാനായിരിക്കുന്ന മുഖ്യമന്ത്രി നേരത്തെ എന്ത് കൊണ്ട് ഫയൽ കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഫയല്‍ വിളിപ്പിച്ചത് പ്രഹസനമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

https://www.facebook.com/JaihindNewsChannel/videos/930178324156905