സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ അനുമതി നല്‍കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Tuesday, June 25, 2019

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ പാര്‍ത്ഥാ കണ്‍വന്‍ഷന്‍ സെന്ററിന് 24 മണിക്കൂറിനകം പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തില്‍ യാതൊരു അപാകതയുമില്ലാതിരുന്നിട്ടും മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു സാജന്‍ ആത്മഹത്യ ചെയ്തത്. ദുഖകരമായ ഈ സംഭവം ഉണ്ടായി ഒരു ആഴ്ച പിന്നിട്ടിട്ടും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കിയിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഇക്കാര്യത്തില്‍ നഗരസഭയക്ക് പറ്റിയ വീഴ്ച പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ നടന്നു വരുന്ന അന്വേഷണത്തിന്റെ പൊള്ളത്തരമാണ് ലൈസന്‍സ് ഇപ്പോഴും നല്‍കാതിരിക്കുന്നതിലൂടെ വ്യക്തമാകുന്നത്. സെന്ററിന്റെ നിര്‍മ്മാണത്തില്‍ അപാകതകളില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നത് ഇനിയും താമസിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീനും നല്‍കി.