കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞു വീണ് മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Saturday, March 21, 2020

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനിടെ  കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീഴുകയും  തക്ക സമയത്ത്  ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്ത  സുരേന്ദ്രന്‍റെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരവും  കുടുംബത്തിലൊരാള്‍ക്ക്  സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അതോടൊപ്പ ജില്ലാ സഹകരണ ബാങ്കിന്റെ പേട്ട ശാഖയിലുള്ള ഇവരുടെ വായ്പാ കുടിശിക എഴുതിത്തള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മരിച്ച സുരേന്ദ്രന്‍റെ ഭാര്യയും കുടംബാംഗങ്ങളും  പ്രതിപക്ഷനേതാവിനെ സന്ദര്‍ശിച്ച്    ഇക്കാര്യത്തില്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. പൊലീസ് ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയും പരാജയവും കാരണമാണ് സുരേന്ദ്രന്‍റെ വിലപ്പെട്ട ജീവന്‍ നഷ്ടമായത്.   സുരേന്ദ്രന്‍റെ കുടംബത്തിന്‍റെ അവസ്ഥ വളരെ ദയനീയമാണെന്നും   പ്രതിപക്ഷനേതാവ് കത്തില്‍ സൂചിപ്പിക്കുന്നു.

ഗതാഗത മന്ത്രിയുള്‍പ്പെടയുള്ള സംസ്ഥാനത്തിന്‍റെ മുഴുവന്‍ മന്ത്രിമാരും വകുപ്പ് തലവന്‍മാരും   തലസ്ഥാനത്ത് ഉള്ള സമയത്താണ്  ഈ ദാരുണ സംഭവം നടന്നത്.   കെഎസ്ആര്‍ടി സി മിന്നല്‍  പണിമുടക്ക് മൂലം സൂരേന്ദ്രന്‍ കുഴഞ്ഞ് വീഴുന്നതും, അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതും ചാനലുകള്‍ ലൈവ് ആയി കവറേജ് നല്‍കിയിട്ട് പോലും തക്ക സമയത്തിനിടപെടാനും  ജീവന്‍ രക്ഷിക്കാനും കഴിയാതെ പോയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അലംഭാവവും മൂലമാണെന്നും രമേശ്  ചെന്നിത്തല കത്തില്‍  വ്യക്തമാക്കുന്നു.