ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാര്‍; ഇടതുമുന്നണി ഭരണം കേരളത്തെ തകര്‍ത്തു; കേരളയാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം

Jaihind Webdesk
Friday, February 15, 2019

Kerala Yathra

ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലെ ഭരണത്തില്‍ കീഴില്‍ അംബാനിമാര്‍ക്കും അദാനിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമാണ് നേട്ടമുണ്ടായതെന്നും സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തെ ഇടതുമുന്നണി ഭരണം സമസ്ത മേഖലകളെയും തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെയും ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികളെയും താഴെയിറക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിക്കണമെന്നും വിഭാഗീയതയ്ക്കും വര്‍ഗീയവാദത്തിനും മുന്‍തൂക്കം നല്‍കുന്ന മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ സാമ്പത്തിക കാര്‍ഷിക രംഗത്ത് തകര്‍ച്ചയുണ്ടായെന്നും രാജ്യത്ത് തെഴിലില്ലായ്മ രൂക്ഷമായെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണത്തിലൂടെ നേട്ടമുണ്ടായത് അംബാനിമാര്‍ക്കും അദാനിമാര്‍ക്കുമാണ്. ഇതിലൂടെ പുറത്ത് വന്നത് റഫാല്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷത്തെ കേരളത്തിലെ പിണറായി സര്‍ക്കാരിന്‍റെ ഭരണം മോദി ഭരണത്തിന്‍റെ നേര്‍പതിപ്പാണ്. ശബരിമല വിഷയത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും വിശ്വാസങ്ങള്‍ തകര്‍ത്തുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഇടതുപക്ഷം ബോധപൂര്‍വം നീക്കം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം എല്ലാ രംഗത്തെയും തകര്‍ത്തു. കേരളം സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വേകളെല്ലാം തെളിയിക്കുന്നത് യു.ഡി.എഫിന്‍റെ കുതിച്ചുചാട്ടമാണ്. ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണെന്നും സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിച്ച് യു.ഡി.എഫ് കേരളത്തില്‍ പുതുചരിത്രമെഴുതുമെന്നും അദ്ദേഹം അറിയിച്ചു.

കേരള കോണ്‍ഗ്രസിന്‍റെ വികസന മാനിഫെസ്‌റ്റോ കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്ക് നല്‍കി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ഭീകരാക്രമണത്തില്‍ ജമ്മു-കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ ചടങ്ങില്‍ അനുസ്മരിച്ചു.

teevandi enkile ennodu para