സ്പീക്കറുടെ നേതൃത്വത്തില്‍ നിയമസഭയില്‍ നടന്നത് അടിമുടി ധൂര്‍ത്തെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, December 10, 2020

നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശ യാത്രകൾ സംബന്ധിച്ച് സ്‌പീക്കറുടെ മറുപടി ദുർബലമെന്ന് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. സ്പീക്കറുടെ ധൂർത്തിലും അഴിമതിയിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്പീക്കർ പദവിയിൽ ഇരുന്നുകൊണ്ട് പി ശ്രീരാമകൃഷ്ണൻ നടത്തിയത് വലിയ അഴിമതിയും ധൂർത്തുമാണ്. പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ലോക കേരള സഭയിൽ നടന്നത് വൻ അഴിമതി. യാതൊരു ടെൻഡർ നടപടികളും ഇല്ലാതെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ലോക കേരളസഭയുടെ നിർമ്മാണത്തിനായി ചെലവഴിച്ചതും വൻ ക്രമക്കേട് നടന്നതായും രമേശ്‌ ചെന്നിത്തല പറഞ്ഞു. ചരിത്രത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത രീതിയിൽ അഴിമതി നടത്തിയ സ്പീക്കർ ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ഗവർണർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

നിയമ സഭാഹാൾ പുതുക്കി പണിയുന്നതിന് യുഎൽസിസിക്ക് മൊബിലൈസേഷന് അഡ്വാൻസ് കൊടുത്തു. ഇതേ പരാതിയെ പാലാരിവട്ടം പാലം സംബന്ധിച്ച് ഇബ്രഹീം കുഞ്ഞിനെതിരെ ഉള്ളു. സഭ ടിവിയിലും അഴിമതി നടത്തി. 51.32 കോടി ചെലവഴിച്ചാണ് ടിവി വാങ്ങിയത്. നിയമസഭ ഫെസ്റ്റിവൽ ആഘോഷം നടത്തി. കൊവിഡ് കാരണം മൂന്ന് പരിപാടി ഉപേക്ഷിച്ചു. ഇതിനിടയിൽ 2 കോടി ചിലവാക്കിയതിലും സംശയം നിഴലിക്കുന്നു. വെള്ളം ഒഴുക്കിയത് പോലെ പണം ചിലവാക്കി. 1100 ജീവനക്കാർ നിലവിലുണ്ട്. എന്നിട്ടും ആഘോഷത്തിന്‍റെ പേരിൽ 5 പേരെ നിയമിച്ചു. ഫെസ്റ്റിവൽ കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു ഇപ്പോഴും ശമ്പളം പറ്റുന്നുതായും ചെന്നിത്തല വിവരവകാശ രേഖ ഉയർത്തി ആരോപണം ഉന്നയിച്ചു. ഉന്നതമായ നീതിബോധത്തോടെ പ്രവർത്തിക്കേണ്ട സ്പീക്കറുടെ നടപടിക്കെതിരെ ഗവർണ്ണർക്ക് പരാതി നൽകുമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.