അജീഷിന് കൈത്താങ്ങേകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, December 30, 2018

പത്തനംതിട്ട: ജീവിതവഴിയില്‍ വൃക്കരോഗത്താല്‍ വേട്ടയാടപ്പെട്ട അജീഷിന് സഹായഹസ്തവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ട   ടൗണിൽ 20 വർഷക്കാലമായി ടാക്സി ഓടിച്ചു ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നയാളാണ് അജീഷ്. എന്നാല്‍ വിധി അജീഷിനോട് ക്രൂരത കാട്ടുകയായിരുന്നു.  തന്റെ മാറ്റി വെച്ച വൃക്കയും തകരാറിലായതോടെ ജീവിതം ദുസ്സഹമായ അജീഷിനെ സഹായിക്കാന്‍ ആര്‍.സി ദി ട്രൂ ലീഡര്‍ എന്ന യുവജന കൂട്ടായ്മ രംഗത്തുവന്നു.  വീണ്ടും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. അതുവരെ ആഴ്ച്ചയിൽ രണ്ടു ദിവസം ഡയാലസിസ് നടത്തണം. മരുന്ന് വാങ്ങണം. ഇതിനായി പണം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഈ ചെറുപ്പക്കാരന്റെ അവസ്ഥ ആർസി ദ ട്രൂ ലീഡർ യുവജന കൂട്ടായ്മ ചെയർമാൻ നഹാസ് പത്തനംതിട്ടയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപെടുത്തിയത്.

തുടർന്ന് ജില്ലയിൽ പ്രളയബാധിതരുടെ പരാതി സ്വീകരിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് അജീഷിനെ നേരിട്ട് കാണുകയും ആർസി ദ ട്രൂ ലീഡർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സാമ്പത്തിക സഹായം നൽകുകയും ചെയ്തു. വാടക വീട്ടിൽ കഴിയുന്ന അജീഷ് ലത്തീഫിന്റെ ദുരവസ്ഥ മനസ്സിലാക്കായിയ രമേശ് ചെന്നിത്തല മേളം മസാലാ അധികൃതരുമായി ബന്ധപ്പെട്ട് ഡയാലസിസ് ചെയ്യുന്നതിനുള്ള സഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, കൂട്ടായ്മ ചെയർമാൻ നഹാസ് പത്തനംതിട്ട, അമീൻ പി.എം, സുഹൈൽ നജീബ്, ജോസി, തൗഫീക്ക് എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പം അജീഷിനെ സന്ദർശിച്ചു.

ഭാര്യയുടെ വൃക്ക സ്വീകരിക്കാൻ പരിശോധന നടത്തിയെങ്കിലും അജീഷിന്റെ ശരീരവുമായി യോജിക്കില്ലെന്ന് കണ്ടെത്തിയതിനാൽ വൃക്ക മാറ്റിവെക്കൽ മാത്രമേ സാധിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.അജിഷിനെ സഹായിക്കുന്നതിനായി പത്തനംതിട്ട സിൻഡിക്കേറ്റ് ബാങ്കിൽ അക്കൗഡ് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ:48002200046677

IFSC കോഡ്:SYNB:0004800