Video | പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മഹാറാലി സംഘടിപ്പിക്കും ; ജനുവരി മൂന്നിന് യു.ഡി.എഫ് യോഗം

Jaihind News Bureau
Sunday, December 29, 2019

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫിന്‍റെ മഹാറാലി. 13 ന് എറണാകുളത്തും, 18 കോഴിക്കോടും റാലി നടത്തും. ജനുവരി 3 ലെ യു.ഡി.എഫ് യോഗത്തിൽ തുടർനടപടികള്‍ സംബന്ധിച്ച് തീരുമാനിക്കും. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവിധ മുസ്ലീം സംഘടനകളുമായും മതപണ്ഡിതന്മാരുമായും കൂടിക്കാഴ്ച നടത്തി. നിയമത്തില്‍ മത ന്യൂനപക്ഷങ്ങൾക്ക് ആശങ്കയെന്ന് രമേശ് ചെന്നിത്തല.

വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും ആരായുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചത്. യോഗത്തില്‍ പ്രതിനിധികള്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ആശങ്ക വേണ്ടെന്നും വിഷയത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി ശക്തമായി നിലകൊള്ളുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്ര സർക്കാരിന് കഴിയില്ല. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഹീനമായ അജണ്ട നടപ്പിലാക്കാനുള്ള മാർഗമായാണ് ബില്ലിനെ കാണുന്നത്. ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രധാനപ്പെട്ട അവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായാണ് കേന്ദ്ര സർക്കാർ നീക്കത്തെ കാണുന്നത്. ഭരണഘടനയുടെ നിരാസമാണ് കേന്ദ്ര സർക്കാർ നടപടിയെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 13 ന് എറണാകുളം മറൈന്‍ ഡ്രൈവിലും 18 ന് കോഴിക്കോട് കടപ്പുറത്തും യു.ഡി.എഫ് മഹാ റാലി സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ചെയർമാന്‍ കൂടിയായ രമേശ് ചെന്നിത്തല അറിയിച്ചു. കോഴിക്കോട് നടക്കുന്ന റാലിയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പങ്കെടുക്കും. ജനുവരി മൂന്നിന് എറണാകുളം ഡി.സി.സി ഓഫീസില്‍ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തുടർനടപടികള്‍ സംബന്ധിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/2570181006559288/