‘കണ്ടിട്ടില്ല കേട്ടിട്ടില്ല എന്ന് ഇനി പറയരുത്’ ; അദാനിയുമായുള്ള മറ്റൊരു കരാറിന്‍റെ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

ആലപ്പുഴ : അദാനിയുമായി ഒരു കരാറും കെഎസ്ഇബി ഉണ്ടാക്കിയിട്ടില്ലെന്ന വൈദ്യുതി മന്ത്രി എം.എം മണിയുടെയും സർക്കാരിന്‍റെയും വാദം പൊളിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് മാർച്ചില്‍ ഉണ്ടാക്കിയ മറ്റൊരു കരാറിന്‍റെ രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. 15.2.2021 ന് ചേര്‍ന്ന സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ മിനിറ്റ്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

അദാനിയില്‍ നിന്ന് നേരിട്ട വൈദ്യുതി വാങ്ങാനുള്ള തീരുമാനം യോഗത്തിന്‍റെ അജണ്ട 47.2.2021 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  2021 ഏപ്രില്‍ – മെയ് മാസങ്ങളില്‍ അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. അദാനിയുമായി ഇതുവരെ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല എന്ന എം.എം മണിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അദാനിയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്ന് ഇനി പറയരുതെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് മുമ്പ് പറഞ്ഞ കരാറല്ലെന്നും പുതിയ കരാറാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. എന്തിലും അഴിമതി നടത്താനുള്ളസംസ്ഥാന സര്‍ക്കാരിന്‍റെ വൈഭവമാണ് ഈ ഇടപാടില്‍ തെളിഞ്ഞു കാണുന്നത്. റിന്യൂവല്‍ പർച്ചേസ് (RPO) മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ കരാറില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)
Add Comment