കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വഞ്ചന; രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം നാളെ

Jaihind News Bureau
Thursday, June 18, 2020

പ്രവാസികളോടുളള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം അനുഷ്ഠിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസം.

ഉപവാസത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാകേന്ദ്രങ്ങളിൽ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തിൽ സത്യഗ്രഹം നടക്കും.

സംസ്ഥാന സർക്കാർ പ്രവാസികളെ വഞ്ചിക്കുകയാണെന്നും കൊവിഡ് രോഗികൾക്കായി പ്രത്യേക വിമാനം എന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുകയേയുള്ളൂ. ഗൾഫിൽ നിന്ന് മടങ്ങുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. വിമാനങ്ങളിൽ രോഗലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരും ഒന്നിച്ചുവന്നാൽ രോഗവ്യാപനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ,​ വിമാനങ്ങളെക്കാൾ കൂടുതൽ യാത്രക്കാർ ട്രെയിനുകളിൽ വരുന്നുണ്ട്. അവർ ഒന്നിച്ചുവരുമ്പോൾ വരുമ്പോൾ രോഗ്യാവപനം ഉണ്ടാകില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്.

വിമാനങ്ങളിൽ എത്തുന്നവരെ ക്വാറന്‍റൈൻ ചെയ്യുകയും ലക്ഷണങ്ങളുള്ളവരെ ചികിത്സിച്ച് ഭേദപ്പെടുത്തുകയുമാണ് വേണ്ടത്. അല്ലാതെ അവരുടെ യാത്ര നിഷേധിക്കരുത്. പരിശോധനയ്ക്ക് ഗൾഫിൽ സൗകര്യമില്ലെങ്കിൽ കേന്ദ്രം അത് ഏർപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പ്രായോഗികമല്ല. വന്ദേഭാരത് മിഷനിലൂടെ കുറച്ച് വിമാനങ്ങൾ മാത്രമെ എത്തുന്നുള്ളൂ. അതിനാൽ മെഡിക്കൽ ടീമിനെ അയച്ച് പരിശോധന നടത്തുന്നത് നടപ്പാകില്ല. വന്ദേഭാരത് മിഷനിലൂടെ എത്തുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അത് നിലയ്ക്കാനേ ഇടയാക്കൂവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് ധനസഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.