പ്രകൃതിക്ഷോഭം : ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉടനടി സഹായമെത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 8, 2019

പ്രകൃതിക്ഷോഭം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്നാൽ അതിന് മുൻപായി ജനങ്ങളെ മാറ്റിപാർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും പേമാരിമൂലം കടുത്ത നാശനഷ്ടമാണ് സംഭവിക്കുന്നത്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. മൂന്ന് ജില്ലകള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടേ തകര്‍ന്നതിനാല്‍ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. കാര്‍ഷികമേഖലയ്ക്കും വന്‍ നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പല പ്രധാന നദികളും കരകവിഞ്ഞ് ഒഴുകിതുടങ്ങി. മലയോര മേഖലകളിലെ ചെറുതും, വലുതുമായ നിരവധി പാലങ്ങള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ഒഴുകിപോയിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. 2018 ലെ പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലുകളും, ദുരന്തനിവാരണത്തിനാവശ്യമായ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കി വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പലയിടങ്ങളിലും വൃക്ഷങ്ങള്‍ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും താറുമാറായി. തകര്‍ന്ന വൈദ്യുതി ലൈനുകളില്‍ നിന്നും ആളുകള്‍ ഷോക്കേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കണം.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ആശ്വാസധനസഹായം എത്തിക്കുന്നതിനും, പരുക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപടിസ്വീകരിക്കണം. കടലോരമേഖലയിലേയും, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ എത്തിക്കുന്നതിനും അടിയന്തിര നിര്‍ദേശം നല്‍കണം. അണക്കെട്ടുകള്‍ തുറക്കുന്നതിനുമുന്‍പ് കൃത്യമായ ജാഗ്രതാനിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കണം. മാറ്റിപാര്‍പ്പിക്കേണ്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും, ശുചിത്വവും ഉറപ്പാക്കാന്‍ ജില്ലാഅധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.