കശുവണ്ടി ഇറക്കുമതിയിലെ കൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: രമേശ് ചെന്നിത്തല

കോടികളുടെ നഷ്ടം വരുത്തിവച്ച കാഷ്യൂ ബോര്‍ഡിന്‍റെ കശുവണ്ടി ഇടപാടിനെക്കുറിച്ചും വകുപ്പ് മന്ത്രിയുടെ പങ്കിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ഇല്ലാതാക്കാന്‍ നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കാഷ്യൂ ബോര്‍ഡ് തന്നെ അഴിമതിയുടെ ഏറ്റവും വലിയ കൂത്തരങ്ങായി മാറിയിരിക്കുകയാണിപ്പോള്‍. കാഷ്യൂ ബോര്‍ഡ് ഇത് വരെ നടത്തിയ രണ്ട് ഇടപാടുകളില്‍ മാത്രം 20.60 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുരുതരമായ ക്രമക്കേടുകളാണ് തോട്ടണ്ടി വാങ്ങിയതില്‍ നടന്നിരിക്കുന്നത്. കമ്മീഷന്‍ തട്ടാന്‍ വേണ്ടി ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി കൂടുതല്‍ വിലയ്ക്ക് വാങ്ങിയതാണ് ഭീമമായ നഷ്ടത്തിന് കാരണമായത്. ആദ്യ ഇടപാടില്‍ തന്നെ മന്ത്രിക്ക് എതിരെ നിയമസഭയില്‍ ആരോപണം ഉയര്‍ന്നതാണ്. വിജിലന്‍സിനെ ഉപയോഗിച്ച് വെള്ളപൂശിച്ച് മന്ത്രിയെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിന്നീട് അതിനെക്കാള്‍ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

പട്ടിണിപ്പാവങ്ങളായ കശുവണ്ടി തൊഴിലാളികളുടെ കണ്ണീരിന് വിലകല്‍പിക്കാതെ കോടികളുടെ കൊള്ളയാണ് നടക്കുന്നത്. കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്നും തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല അഴിമതി നടത്തുന്നതിന് കശുവണ്ടി തൊഴിലാളികളെ കരുവാക്കി മാറ്റുകയും ചെയ്തിരിക്കുകയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh ChennithalaCashew
Comments (0)
Add Comment