ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ : മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, December 27, 2019

സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിക്കാനുള്ള  തീരുമാനം 2012ല്‍  അന്നത്തെ യു ഡി എഫ് സര്‍ക്കാരാണ് തുടങ്ങിവച്ചതെന്ന  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  വ്യക്തമാക്കി.  വിസ-പാസ്‌പോര്‍ട്ട് കാലവധി കഴിഞ്ഞിട്ടും സംസ്ഥാനത്ത് തുടരുന്നവര്‍,  മറ്റ്  കുറ്റകൃത്യങ്ങള്‍  ചെയ്തതിനെ  തുടര്‍ന്ന്  അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ശിക്ഷാ കാലാവധി പൂര്‍ത്തിയാവുകയും ചെയ്ത  വിദേശ പൗരന്‍മാര്‍  കാലാവധി തീര്‍ന്നിട്ടും  ജയിലില്‍ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു. അവരുടെ രാജ്യത്തെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പേപ്പറുകള്‍ ശരിയാകാത്തത് മൂലമാണ് ശിക്ഷ കഴിഞ്ഞിട്ടും അവര്‍ക്ക് ജയില്‍ തുടരേണ്ടി വന്നത്.  അങ്ങിനെ വന്നപ്പോള്‍ അവരെ ജയിലില്‍ പാര്‍പ്പിക്കാതെ കെയര്‍ഹോമുകളിലേക്ക് മാറ്റാന്‍ അന്നത്തെ  സര്‍ക്കാര്‍ തിരുമാനിച്ചു.  

അഭ്യന്തര വകുപ്പില്‍ നിന്ന് മാറി സാമൂഹ്യ നീതി വകുപ്പിനെ ആ ചുമതല ഏല്‍പ്പിച്ചതും   ശ്രദ്ധയും പരിചരണവും പുതിയൊരു അന്തരീക്ഷവും ലഭിക്കാനുള്ള കെയര്‍ ഹോമുകള്‍ രൂപീകരിക്കുക എന്നത് മുന്നില്‍ കണ്ടുകൊണ്ടാണ്. എന്നാല്‍ അമിത്ഷാ  ആഭ്യന്തര മന്ത്രിയായതിന് ശേഷം മതപരമായ വിവേചനം മുന്‍ നിര്‍ത്തി പൗരത്വ നിയമം ഭേദഗതി ചെയ്യുകയും,  ഒരു മതവിഭാഗം  മാത്രം പൗരത്വത്തില്‍  നിന്നും  ഒഴിവാക്കപ്പെടുകയും കരുതല്‍ തടങ്കലിലാവുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി.  ജയിലില്‍ നിന്ന് മോചിതരായവരെ കെയര്‍ഹോമുകളില്‍ താമസിപ്പിക്കുന്നതും,  പൗരത്വം റദ്ദ് ചെയ്ത്   ഒരു വിഭാഗത്തെ മാത്രം കരുതല്‍ തടങ്കല്‍ പാളയത്തിലേക്ക് മാറ്റുന്നതും  താരതമ്യം ചെയ്യുന്നത് ദുഷ്ടലാക്കോടെയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് 2019 ല്‍ ബി ജെ പി സര്‍ക്കാര്‍ പാസാക്കിയ  പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി   തടങ്കല്‍ പാളയങ്ങള്‍  ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും  അതില്‍ സംസ്ഥാന  സര്‍ക്കാര്‍ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുമാണ്  മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.