കുന്നത്തുനാട് നിലം നികത്താനുള്ള സര്‍ക്കാർ അനുമതിക്ക് പിന്നിലെ ഗൂഢാലോചനയും അഴിമതിയും അന്വേഷിക്കണം: രമേശ് ചെന്നിത്തല

കുന്നത്തുനാട്ടില്‍ നിലം നികത്താന്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നിലുള്ള അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തല്‍ക്കാലം അനുമതി മരവിപ്പിച്ചിട്ട് കാര്യമില്ലെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടര്‍ നിലം നികത്തുന്നതിനുള്ള അനുമതി നിഷേധിച്ചത്. എന്നാല്‍ അത് മറികടന്നാണ് നിലം നികത്താനുള്ള അനുമതി റവന്യൂ വകുപ്പ് നല്‍കിയത്. റവന്യൂ വകുപ്പില്‍ നിന്നും നിയമവകുപ്പിലേക്ക് ഉപദേശം തേടാന്‍ അയച്ച ഫയല്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി മടക്കി വിളിച്ചാണ് സ്വകാര്യകമ്പനിക്ക് അനുകൂലമായി ഉത്തരവ് നല്‍കിയത്.

റവന്യൂ മന്ത്രി അറിയാതെയാണോ ഈ ഉത്തരവ് ഇറങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കണം. റവന്യൂ വകുപ്പില്‍ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലെന്ന ആരോപണം നേരത്തെയുണ്ട്. അത് ശരിവെക്കുന്നതാണ് നിലം നികത്തല്‍ ഉത്തരവ്. റവന്യൂ മന്ത്രി അറിയാതെ ആവകുപ്പിലെ പ്രധാനപ്പെട്ട കാര്യത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെപ്പോലൊരു ഉദ്യോഗസ്ഥൻ തീരുമാനമെടുക്കുമ്പോള്‍ ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നത് വ്യക്തമാണ്.

റവന്യൂ മന്ത്രി അറിയാതെ ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. മാത്രമല്ല സി.പി.എം ഉന്നത നേതാക്കളുമായി അടുത്ത് ബന്ധമുള്ള ഒരു വിവാദ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് നിലംനികത്തുന്നതെന്നും പറയപ്പെടുന്നു. തല്‍ക്കാലം അനുമതി മരവിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും ഗൂഢാലോചനയും അഴിമതിയും പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം കൂടിയേ തീരൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithalakunnathunadu
Comments (0)
Add Comment