മോദി- പിണറായി ഭരണകൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി: രമേശ് ചെന്നിത്തല

തിരുവനന്തപുരം:  ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിർത്തുന്നതിനും അതിന്‍റെ മതേതര ജനാധിപത്യ മൂല്യങ്ങൾ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തിൽ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ടെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല.  മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെ‌ടുക്കുമെന്ന ഉറപ്പാണ് ജനങ്ങൾക്കു നൽകുന്നത്. അതിനു നേതൃത്വം നൽകാൻ കോൺ​ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് വോട്ടർമാർ വിവേകപൂർവം തങ്ങളുടെ വോട്ടവകാശം വിനിയോ​ഗിക്കണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

ചരിത്രത്തിലെ വളരെ നിർണായക വിധിയെഴുത്താണ് ഇത്തവണ  നടക്കുന്നത്. നരേന്ദ്ര മോദി സർക്കാർ ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്‍റെ ഭരണഘ‌ടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബിജെപിയും സംഘപരിവാർ സംഘങ്ങളും വിഭാവന ചെയ്യുന്നത്. അവരുടെ കൈയിലെ ഉപകരണം മാത്രമാണ് നരേന്ദ്ര മോദി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസം​ഗങ്ങൾ ​ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർച്ചയായി മത വിദ്വേഷ പ്രസം​ഗം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരേ ഒരു നടപ‍ടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. പാനൂരിലെ ബോംബ് നിർമാണം മുതൽ ഇതു കാണുന്നുണ്ട്. രണ്ടു പേരുടെ മരണത്തിനി‌ടയാക്കിയ ബോംബ് സ്ഫോടനത്തെ തള്ളിപ്പറയാൻ സിപിഎം നേതൃത്വമോ മുഖ്യമന്ത്രി പിണറായി വിജയനോ തയാറായില്ല. പകരം പ്രതികൾക്കു സംരക്ഷണം നൽകുകയാണ് സർക്കാരും പാർട്ടിയും ചെയ്തത്. ജനഹിതം എതിരാവുമെന്ന ആശങ്കയിൽ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാ​ഗപ്പള്ളിയിൽ സി.ആർ മഹേഷ് എംഎൽഎ അടക്കമുള്ള യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച നടപടി. എംഎൽഎയ്ക്കു നേരേ ഉണ്ടായത് ഹീനമായ വധശ്രമമാണ്. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും പോലീസ് ഒരു നപടിയും സ്വീകരിച്ചിട്ടില്ല. ഇത് അങ്ങേയറ്റം അപലപനീയമാണ്.

സമസസ്ത മേഖലകളിലും വൻ പരാജയമായ മോദി- പിണറായി ഭരണകൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. കർണാ‌കത്തിലും തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസ് നൽകിയ ഉറപ്പുകൾ മിക്കതും അവിടെ തിരഞ്ഞെടുക്കപ്പെ‌ട്ട ശേഷം രൂപീകരിച്ച ആദ്യ മന്ത്രിസഭാ യോ​ഗം തന്നെ അം​ഗീകരിച്ചു നടപ്പാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നൽകിയിട്ടുള്ള മുഴുവൻ വാദ്​ഗാനങ്ങളും അധികാരത്തിലെത്തിയാൽ ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ 20ൽ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Comments (0)
Add Comment