സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ചെന്നിത്തല; അഡീഷണല്‍ ചീഫ്‌സെക്രട്ടറിക്കു പരാതി നല്‍കി

Jaihind Webdesk
Tuesday, January 15, 2019

Ramesh-Chennithala

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്സ്ബുക്കിലൂടെയും വാട്സ് അപ്പ്ഗ്രൂപ്പിലൂടെയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതായി പ്രതിപക്ഷനേതാവിന്‍റെ ഓഫീസ് അറിയിച്ചു.

പ്രസ്തുത പരാതിക്ക് ആധാരമായ പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും പ്രതിപക്ഷനേതാവിന്‍റെ ചിത്രം മോര്‍ഫ് ചെയ്താണ് ഉള്‍പ്പെടുത്തിയത്. മാത്രമല്ല അത്യന്തം പ്രകോപനകരവും, സാമുദായികസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള കമന്‍റുകളുമാണ് പല പോസ്റ്റുകളിലും ഉള്ളതെന്നാണ് പരാതിയില്‍ പറയുന്നത്.

അടിസ്ഥാനരഹിതവും, തെറ്റിദ്ധാരണപരത്തുന്നതും, അങ്ങേയറ്റം നിയമവിരുദ്ധവുമായ ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് പരാതി നല്‍കിയത്.

പാര്‍ട്ടിയേയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്നും സൈബര്‍ നിയമങ്ങള്‍ക്കു വിധേയമായും സഭ്യമായ ഭാഷയിലുമായിരിക്കണം പ്രതികരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ ആന്‍റണിയുടെ നേതൃത്വത്തില്‍ 29 അംഗ ഡിജിറ്റല്‍ മീഡിയ സെല്‍ കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു.