ആണുങ്ങള്‍ കല്ലിട്ട പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ജോലിമാത്രമാണ് പിണറായി വിജയനുള്ളത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടരവര്‍ഷമായി ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ട്. ഏതെങ്കിലും ഒരു നല്ലകാര്യം ഈ സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞോ? കൊച്ചി മെട്രോ ഉദ്ഘാടനം നടത്തി. അത് യു.ഡി.എഫിന്റെ കുഞ്ഞായിരുന്നു. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. അതും യു.ഡി.എഫിന്റെ കുഞ്ഞായിരുന്നു. ഈ സര്‍ക്കാരിന് ഒരു പുതിയ പദ്ധതിയെങ്കിലും കഴിഞ്ഞ രണ്ടരവര്‍ഷമായി കൊണ്ടുവരാന്‍ സാധിച്ചോ? ഏതെങ്കിലും ഒരു പരിപാടി നടപ്പാക്കാന്‍ കഴിഞ്ഞോ? പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ഒരു നല്ലകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചോ? ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ രണ്ടരവര്‍ഷമാണ് എന്തെങ്കിലും ചെയ്യേണ്ടത്. കഴിഞ്ഞ രണ്ടരവര്‍ഷമായി ഒരു ചെറിയ പരിപാടിപോലും ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണിത്. ആണുങ്ങള്‍ കല്ലിട്ട പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ജോലിമാത്രമാണ് പിണറായി വിജയനുള്ളത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് പിണറായിയും എല്‍.ഡി.എഫ് സര്‍ക്കാരും ചെയ്യുന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുസ്ലീം യൂത്ത് ലീഗ് യുവജന യാത്ര തിരുവനന്തപുരത്ത് സമാപിച്ചുകൊണ്ടുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നു. റേഷനരി ലഭിക്കാതെ ബുദ്ധിമുട്ടുന്നു. തൊഴിലില്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചുലക്ഷംപേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞിട്ട് ഒരാള്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. -പ്രതിപക്ഷ നേതാവ് പറഞ്ഞു.

നരേന്ദ്രമോദിയുടെ നാലരവര്‍ഷക്കാലത്തെ ഭരണം ഇന്ത്യയെ എവിടെയെത്തിച്ചുവെന്ന് നാം ചിന്തിക്കണം. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സുപ്രീംകോടതിയുടെ മഹിമ നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചുപോകേണ്ട സാഹചര്യം ഉണ്ടാകുന്നു. അതുമാത്രമല്ല ഇന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ല. അങ്ങനൊരു താല്‍പര്യം പ്രധാനമന്ത്രിക്കില്ല. ഇതുപോലൊരു ദുര്യോഗം ഇന്ത്യാ ചരിത്രത്തില്‍ ഇതിന് മുമ്പുണ്ടായിട്ടില്ല.

നോട്ട് പിന്‍വലിക്കലിലൂടെ ഇന്ത്യയിലുണ്ടായത് വന്‍ തകര്‍ച്ചയാണ്. ജി.എസ്.ടിയിലൂടെ ഉണ്ടായത് അരാചകത്വമാണ്. ഓരോ വര്‍ഷവും രണ്ടുകോടി യുവാക്കള്‍ക്ക് അധികാരത്തില്‍ വന്ന മോദി ആര്‍ക്കെങ്കിലും തൊഴില്‍ കൊടുക്കാന്‍ ശ്രമിച്ചോ. വാഗ്ദാനങ്ങള്‍ എല്ലാം പാഴായിപ്പോയ ഒരു കാലഘട്ടം. മോദിയുടെയും ആര്‍.എസ്.എസിന്റെ രാഷ്ട്രീയത്തിനെതിരായ ഉറച്ചകാല്‍വെയ്‌പ്പോടുകൂടി നമുക്ക് മുന്നോട്ടുപോകണം.

2019 നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ താഴെയിറക്കി രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാനുള്ള ചരിത്ര ദൗത്യവുമായി നാം മുന്നോട്ടുപോകണം. പദയാത്ര ഇവിടെ അവസാനിച്ചുവെങ്കിലും നമ്മുടെ യാത്ര മുന്നോട്ടുപോകണം. നരേന്ദ്രമോദിയെ, ബി.ജെ.പിയെ, ആര്‍.എസ്.എസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള തീക്ഷണമായ ഒരു യാത്ര ഇവിടെനിന്നും ആരംഭിക്കുകയാണ്. രാജ്യത്തിന്റെ മതേതരത്വത്തെ സംരക്ഷിക്കാന്‍, ഭരണഘടനെ സംരക്ഷിക്കാന്‍, പൗരാവകാശത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തിന്റെ യാത്ര ഇവിടെ നിന്നും ആരംഭിക്കണം. അതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും യൂത്ത് ലീഗും സജ്ജമാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യയിലെ ആര്‍ക്കും അവഗണിക്കാനാകാത്ത ഒരു ശക്തിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു.

കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍, കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക്, കരുത്തും ശക്തിയുമായി മുസ്ലീംലീഗുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment