പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും കണ്ണൂരില്‍ നിന്നും വയനാട്ടിലേയ്ക്ക് പുറപ്പെട്ടു

Jaihind News Bureau
Friday, August 9, 2019

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണൂരിൽ നിന്ന് വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി യാത്ര തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയാണ് ഇവരും വയനാട്ടിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ പ്രതികൂല കാലവസ്ഥ കാരണം പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്‍റിനേയും വയനാട് പോകാൻ പോലീസ് അനുവദിച്ചില്ല. നാളെ രാവിലെ 9.30 നു ഇരുവരും കൽപ്പറ്റയിൽ എത്തും.

കണ്ണൂരിലെയും, വയനാടിലെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ് എത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റകെട്ടായി നിൽക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കൂട്ടായി ഒന്നിച്ച് പ്രവർത്തിക്കാൻ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ആദ്യം സന്ദർശിക്കും. പ്രളയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റുമായി ചർച്ച നടത്തി തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രിക്ക് നൽകിട്ടുണ്ട്. അത് സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എം എൽ എ മാരുടെ നേതൃത്വത്തിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കണമെന്നും ഡാമുകള്‍ തുറക്കുന്നതിനുമുന്‍പ് അതീവജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ ഒമ്പതിന നിർദേശങ്ങളിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. സമീപവാസികള്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകുന്നതിനുള്ള സാവകാശം ലഭിക്കുന്ന തരത്തില്‍ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പത്ര-ദൃശ്യ-ലോക്കല്‍ അനൗന്‍സ്‌മെന്‍റ് മുഖേന നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡാം സുരക്ഷാ അതോറിറ്റിയുടേയും, ജല കമ്മീഷന്‍റേയും നിര്‍ദേശങ്ങള്‍ക്കും, മുന്നറിയിപ്പുകള്‍ക്കും അനുസൃതമായി ഡാമുകളുടെ ജലവിതാനം നിയന്ത്രിക്കുന്നതിനും, കൃത്യമായി റെഗുലേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.