യുഡിഎഫ് വന്‍ വിജയം നേടും ; സര്‍ക്കാരിന്‍റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, December 8, 2020

 

ആലപ്പുഴ : അഴിമതി സര്‍ക്കാരിനെതിരെ കേരളജനത വിധിയെഴുതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വന്‍ വിജയം നേടും. സര്‍ക്കാരിന്‍റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറും. ബിജെപിക്ക് വളരാന്‍ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.  തൃപ്പെരുന്തുറ ഗവ. യു പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അഴിമതിയുടെ ചുരുളുകളോരോന്നായി അഴിയുകയാണ്. സ്വർണ്ണക്കടത്തിലുള്‍പ്പെട്ട ഉന്നതനാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. മുഖ്യമന്ത്രി പ്രചാരണ രംഗത്ത് നിന്ന് ഒളിച്ചോടി. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പിന്മാറിയതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ ഭരണമാറ്റത്തിന്‍റെ തുടക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നത്. യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ആലപ്പുഴയില്‍ മികച്ച മുന്നേറ്റമാണ് യുഡിഎഫിനുള്ളത്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.