ഐസക്ക് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തു ; രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, December 2, 2020

 

കോട്ടയം : കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെ ഐസക് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു. കുറ്റം നിസാരവല്‍ക്കരിക്കാനാവില്ല. ധനമന്ത്രി എത്രയും വേഗം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിയും പാർട്ടിയും ഐസക്കിനെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട മന്ത്രിക്ക് എങ്ങനെ തുടരാനാകുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി സതീശന്‍ എംഎല്‍എയുടെ അവകാശ ലംഘന നോട്ടീസിലാണ് നടപടി. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചതിനു ശേഷം പുറത്തുവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.