തോമസ് ഐസക്ക് രാഷ്ട്രീയദുഷ്ടലാക്കിനായി തരംതാഴ്ന്നു ; ലാവലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ട് : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, November 15, 2020

 

തിരുവനന്തപുരം: സർക്കാരും സിപിഎമ്മും ഗുരുതര പ്രതിസന്ധി നേരിടുന്ന സന്ദർഭത്തില്‍ ഇല്ലാത്ത കാര്യം പറഞ്ഞ് മിടുക്കനാകാനാണ് ധനമന്ത്രി തോമസ് ഐസക് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത്, ലഹരിമരുന്ന് കേസുകള്‍ മറയ്ക്കാനാണ് ഐസക് ഇല്ലാത്ത വിവാദം കുത്തിപ്പൊക്കുന്നത്. ഐസക് ഇത്രയും വിലകുറഞ്ഞ വ്യക്തിയായിപ്പോയതില്‍ സഹതപിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

സ്വപ്നയേയും ശിവശങ്കറേയും ബിനീഷിനേയും സഹായിക്കാന്‍ ഐസക് പാവയായി വേഷംകെട്ടുന്നത് അപമാനകരമാണ്. പൊതുജനശ്രദ്ധതിരിക്കാനുള്ള കപടനാടകമാണ് ഐസക് നടത്തുന്നത്. ട്രാൻസ്ഗ്രിഡ് അഴിമതി നടന്നത് കിഫ്ബി വഴിയാണ്.  നിരവധി അഴിമതികൾ വരും ദിവസങ്ങളിൽ പുറത്തുവരും. കള്ളത്തരങ്ങൾ കണ്ടുപിടിക്കുകയും അഴി എണ്ണേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐസക്ക് ഉറഞ്ഞുതുള്ളുന്നത്.

തരംതാഴ്ന്ന കാര്യങ്ങളാണ് ധനമന്ത്രി പറയുന്നത്. കിഫ്ബി മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണ്. മസാല ബോണ്ടിൽ അടിമുടി ദുരൂഹതയുണ്ട്. ഐസക് ലാവലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഐസക്ക് നിലവിളിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മുടിയനായ പുത്രനാണ് ഐസക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.