വൈത്തിരിയിലെ പോലീസ് നടപടി; മുഖ്യമന്ത്രിയുടെ മൗനം സംശയകരം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈത്തിരിയിലുണ്ടായ പൊലീസ് നടപടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിന്‍റെ യഥാര്‍ഥ വസ്തുത ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ മാത്രമേ യഥാര്‍ഥ വസ്തുത അറിയാനാകൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഛത്തീസ്ഗഢിലും മറ്റ് സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ നടത്തുന്ന ചുങ്കം പിരിവ് കേരളത്തിലും തുടങ്ങിയതിന്‍റെ സൂചനയാണ് വൈത്തിരിയില്‍ കണ്ടത്. ഇത് അപകടകരമാണ്. എന്നാല്‍ മാവോയിസ്റ്റുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം പൊലീസ് നടത്തിയ കൊലപാതകം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ ചോര ചിന്താതെ തന്നെ മാവോയിസ്റ്റുകളുടെ പ്രധാനികളെ തന്ത്രപരമായി പിടികൂടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുകില്‍ സമ്പൂര്‍ണ നിഷ്‌ക്രിയത്വം അതല്ലെങ്കില്‍ അതിക്രമം എന്നതാണ് പൊലീസിന്‍റെ അവസ്ഥയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കോട്ടയത്തെ കെവിന്‍റെ കൊലപാതവുമായി ബന്ധപ്പെട്ടും ഏറ്റവും ഒടുവില്‍ പെരിയ ഇരട്ടക്കൊലപാതകത്തിലും പൊലീസിന്‍റെ പരാജയം ആണ് തെളിയുന്നത്. പെരിയ കേസില്‍ അന്വേഷണ ഉദ്യേഗസ്ഥരെ പാടെ മാറ്റി അന്വേഷണം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ മരണത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെടുകയും, പ്രതിസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന ഒരാളെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചതിലൂടെ സര്‍ക്കാര്‍ ജനതാല്‍പര്യമല്ല പാര്‍ട്ടി താല്‍പര്യം മാത്രം സംരക്ഷിക്കുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നത് വ്യക്തമാകുന്നു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും പൊലീസും സമ്പൂര്‍ണ പരാജയമാണ് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വൈത്തിരി സംഭവമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

vythiri policeRamesh ChennithalaMaoist
Comments (0)
Add Comment