കോടിയേരിയുടെ മകനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ല ; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമം : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, November 6, 2020

 

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്‍റെ മകനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.ഡി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബാലാവകാശ കമ്മിഷനും ഇഡി അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിച്ചു. പൊലീസിനെ ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തകർക്കാനുള്ള നടപടി അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശരിയല്ല. ഇല്ലാത്ത പദ്ധതികളുടെ തറക്കലിടലും പരസ്യം നൽകലും മാത്രമാണ് നടക്കുന്നത്. സർക്കാരിന്‍റെ വികസന പദ്ധതികളുടെ മുഴുവൻ വിവരങ്ങളും സ്വപ്നക്ക് ചോർത്തി നൽകി കമ്മീഷൻ വാങ്ങാനുള്ള അവസരം ശിവശങ്കർ ഒരുക്കികൊടുക്കുകയായിരുന്നു. വികസനത്തിന്‍റെ പേരിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കണം.

മുഖ്യമന്ത്രി തന്നെ അന്വേഷണ ഏജൻസികളെ ഭയപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. കേരള നിയമസഭയെ ഇതിനു വേണ്ടി കരുവാക്കുകയാണ്. നിയമസഭയെ കരുവാക്കുന്ന സ്പീക്കരുടെ നടപടി അപലപനീയമാണ്. ഇല്ലാത്ത അധികാരമാണ് സ്പീക്കർ പ്രയോഗിച്ചിരിക്കുന്നത്. അഴിമതി ചൂണ്ടിക്കാണിച്ചാൽ അവരെയെല്ലാം വികസന വിരോധികളായി ചിത്രീകരിക്കുന്നു. അന്വേഷണത്തെ മരവിപ്പിക്കാൻ നിയമസഭയെയും ദുരുപയോഗപ്പെടുത്തുന്നു. സ്പീക്കർ പക്ഷം പിടിക്കുന്നത് ശരിയായ നടപടിയല്ല. ബിനീഷിനൊപ്പമാണോ ഇ.ഡിയുടെ കൂടെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു