നവകേരള സദസ് തെരഞ്ഞെടുപ്പ് സ്റ്റണ്ട്; പിണറായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത് പിആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, November 18, 2023


നവകേരള സദസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് കൊല്ലമായി ജനങ്ങള്‍ക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോള്‍ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. പി ആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാശമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ലൈഫില്‍ വീട് പൂര്‍ത്തിയാക്കാതെ ജനങ്ങള്‍ വലയുന്നു. ക്ഷേമപെന്‍ഷന്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് പൈസ കൈയ്യിലില്ലാത്ത സമയത്ത് കോടികള്‍ മുടക്കി നവ കേരള സദസ്സ് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുന്ന സമീപനമാണ് പിണറായി വിജയന്റേത്. സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതാണ് ചെയ്യുന്നത്. ഇതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ ചിലവാകില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.