തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതില്‍ മുഖ്യമന്ത്രിക്ക്  ജാള്യത: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, April 2, 2021

 

തിരുവനന്തപുരം:    വന്‍തോതില്‍ കള്ളവോട്ട് സൃഷ്ടിച്ച് യഥാര്‍ത്ഥ ജനഹിതം അട്ടമറിക്കാനുള്ള   ഗൂഢനീക്കം പൊളിഞ്ഞ് പോയതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തെളിഞ്ഞ് കാണുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ  വോട്ടര്‍മാരെല്ലാം വ്യാജവോട്ടര്‍മാരാണെന്ന്    ചിത്രീകരിക്കാന്‍  പ്രതിപക്ഷ നേതാവ് ശ്രമിച്ചുവെന്ന് വരെ  കള്ളത്തരം  പറയുന്ന  നിലയിലേക്ക് മുഖ്യമന്ത്രി തരം താഴുകയാണ്.

വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ നിരവധി തവണ ആ വോട്ടറുടെ പേരില്‍ വ്യാജവോട്ടര്‍മാരെ  സൃഷ്ടിച്ചു എന്ന വസ്തുതയാണ് തെളിവ് സഹിതം താന്‍ പുറത്ത് കൊണ്ടുവന്നത്. ഇത്  ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ  സി.പിഎം ആസൂത്രിതമായി നടത്തിയതാണ്. വിവാഹം  കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകുമ്പോള്‍ അവിടെയും വോട്ടര്‍  പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മനസിലാക്കാം. അതും  സംഭവിക്കാന്‍  പാടില്ലാത്തതാണ്. എന്നാല്‍ ഇവിടെ ഒരു ഫോട്ടോ തന്നെ പലപേരുകളിലും വിലാസങ്ങളിലും പലബൂത്തുകളിലും  മണ്ഡലങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്.

ഇത് യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിയണമെന്നില്ല. ഇവരുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ എവിടെയാണെന്നത് ഇപ്പോഴും ദുരൂഹമാണ്. അത് കണ്ടെത്തേണ്ടതാണ്. തിരഞ്ഞെടുപ്പില്‍  തട്ടിപ്പ്  നടത്താനുള്ള വ്യക്തമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ആര്‍ക്കും മനസിലാകും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യാപകമായി ഇതുപോലെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  പരീക്ഷിച്ച് വിജയിച്ച തന്ത്രം  നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിക്കപ്പെട്ടതിന്റെ  ജാള്യതയും രോഷവും മാത്രമാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.