മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു ; അഴിമതി പിടിക്കപ്പെടുമ്പോള്‍ രക്തസാക്ഷിപരിവേഷം നേടാന്‍ ശ്രമം : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, December 13, 2020

 

കൊച്ചി: അഴിമതിയില്‍ പിടി വീഴുമെന്ന് ഉറപ്പായപ്പോള്‍ രക്തസാക്ഷി പരിവേഷം കിട്ടുമോ എന്ന് നോക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്ര പുരുഷന്മാരെ കൂട്ടുപിടിക്കുന്നത് ഇതിനാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വലിയ തമാശയാണ്.  പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പദവി ദുരുപയോഗം ചെയ്യലാണ്‌‍. സ്വര്‍ണക്കടത്തുകേസ് പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സി.എം. രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതില്‍ എന്തിനാണ് പിണറായി ഇത്ര ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സി.എം രവീന്ദ്രനെ പിടികൂടുമ്പോള്‍ പിണറായിക്ക് എന്താണ് ഇത്ര വിറയല്‍? രവീന്ദ്രനെ പിടികൂടുമ്പോള്‍ അത് ഭരണത്തെ അട്ടിമറിക്കുന്നതാകുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേന്ദ്ര ഏജൻസികൾ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, ഈ സർക്കാരിനെ ജനങ്ങൾ ബാലറ്റിലൂടെ അട്ടിമറിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന സർക്കാർ അലനേയും – താഹയേയും വേട്ടയാടിയത് കേരളം മറന്നിട്ടില്ല. സ്വന്തം സംസ്ഥാനത്ത് പാവങ്ങളെ വേട്ടയാടുന്ന മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്‍റെ അന്വേഷണത്തെ കുറിച്ച് പറയാൻ എന്ത് അർഹതയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.