മാധ്യമ മാരണ ഓര്‍ഡിന്‍സ് നടപ്പാക്കില്ലെന്ന  മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ് ; പിന്‍വലിക്കുകയാണ് വേണ്ടത് : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, November 23, 2020

 

തിരുവനന്തപുരം:   മുഖ്യധാരാ- സാമൂഹ്യ മാധ്യമങ്ങളെയും   രാഷ്ട്രീയവിമര്‍ശകരെയും  നിശബ്ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കില്ലെന്ന  മുഖ്യമന്ത്രിയുടെ  പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ   അത് നിയമമായി കഴിഞ്ഞു.  ഒരു നിയമം  നിലവില്‍  വന്നശേഷം അത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിക്കല്ല ആര്‍ക്കും പറയാന്‍ കഴിയില്ല.   നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍   വേണ്ടി മാത്രമാണ്.   കെ പി ആക്റ്റിലെ 118 എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും, ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും  ലംഘിക്കുന്നതാണ്.  ഭരണഘടനാപരമായി തന്നെ നിലനില്‍പ്പില്ലാത്ത ഒരു ഭേദഗതിയാണ്  ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. അതുകൊണ്ട്   തന്നെ അത് പിന്‍വലിക്കുകയാണ് വേണ്ടത്.

ഭേദഗതി നടപ്പിലാക്കില്ലന്ന് സര്‍ക്കാര്‍ പറഞ്ഞാലും  അത് നിയമമായി   നിലനില്‍ക്കുന്നകാലത്തോളം  പൊലീസിന് ഇതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം.   നടപ്പാക്കില്ലന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഏട്ടിലെ പശുമാത്രമാണ്. സിപിഎം കേന്ദ്ര നേതൃത്വവും, പ്രശാന്ത് ഭൂഷണപ്പോലുള്ള നിയമ വിദഗ്ധരും, മാധ്യമ ലോകവും  പൊതു സമൂഹവും   ഈ നിയമത്തെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടും അത് പിന്‍വലിക്കാതിരിക്കുന്നത്   ജനങ്ങളോടുള്ള  വെല്ലുവിളിയാണ്.  സുപ്രീം കോടതിയുടെ നിരവധിയായ  വിധികളുടെ അന്തസത്തെക്കെതിരായ കൊണ്ടുവന്ന ഈ  ഭേദഗതിക്ക്  നിയമപരമായി യാതൊരു നില നില്‍പ്പുമില്ല.  മാധ്യമങ്ങളെയും, രാഷ്ട്രീയ വിമര്‍ശകരെയും പ്രതിപക്ഷത്തെയും നിശബ്ദരാക്കാന്‍ കൊണ്ടുവന്ന ഈ   ഭേദഗതി ഉടന്‍  പിന്‍വലിക്കുകയാണ് വേണ്ടതെന്നും  രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.