കേരളത്തില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം , സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, January 4, 2021

 

തിരുവനന്തപുരം: കേരളത്തില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സിപിഎം ആസൂത്രിതശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഇതിനായി ലീഗിനെ ചെളിവാരിയെറിയാനാണ് ശ്രമം. കേരള സമൂഹത്തിന് ഇത് മാരകമായ പരിക്കുണ്ടാക്കുമെന്ന് സിപിഎം മനസിലാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിനെ ക്ഷീണിപ്പിച്ച് ബിജെപിയെ വളര്‍ത്താനാണ് സിപിഎം  ശ്രമം.  കേരളത്തില്‍ അപകടരമായ രാഷ്ട്രീയമാണ് സിപിഎമ്മും മുഖ്യമന്ത്രിയും കളിക്കുന്നത്.  ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമായി എന്ന ഇടതുമുന്നണിയുടെ പ്രചരണം അടിസ്ഥാന രഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്‌.

വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫിന് വോട്ട് ലഭിച്ചു. കെപിസിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്‍റ് വിഭാഗം വിശദമായി പഠനം നടത്തി ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് 35.6 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 34.96 വോട്ടാണ് ലഭിച്ചത്. സംസ്ഥാനത്ത് യുഡിഎഫ് തുല്യശക്തിയായി നിലനില്‍ക്കുന്നുവെന്നാണ് വാസ്തവം. അത് മറച്ചുവെച്ചുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നത്. കോര്‍പ്പറേഷനുകളില്‍ ഞങ്ങള്‍ ഉദ്ദേശിച്ച വിജയം ഉണ്ടായില്ല. മുനിസിപ്പാലിറ്റികളില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായി. ജില്ലാ പഞ്ചായത്തിലാണ് കണക്ക് കൂട്ടലുകള്‍ തെറ്റിയത്. ഗ്രാമപഞ്ചായത്തില്‍ തുല്യമായ പോരാട്ടത്തിന് സാധിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കി അവരെ ശാക്തീകരിക്കുന്ന സഹായങ്ങള്‍ ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ വര്‍ഗീയ ധ്രൂവീകരണം വിജയിച്ചുവെന്ന് കണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഇറങ്ങി തിരിച്ചിരിക്കുന്നത്. അത് കേരള സമൂഹത്തിന് ഉണ്ടാക്കുന്ന മാരകമായ പരിക്ക് എന്തുകൊണ്ടാണ് സിപിഎം തിരിച്ചറിയാത്തത് എന്ന് മനസ്സിലാകുന്നില്ല. നൂറോളം വാര്‍ഡുകളില്‍ സിപിഎമ്മിന് ബിജെപിയും എസ്ഡിപിഐയുമായും സഖ്യമുണ്ടാക്കിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.