കിഫ്ബി ബോണ്ടിറക്കുന്ന ചടങ്ങില്‍ ലണ്ടന്‍ സ്റ്റോക്ക് ഏക്സ്ചേഞ്ചിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് സാധാരണ നടപടി മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി ഡി പി ക്യു – ലാവ്ലിന് ബന്ധം പുറത്തായതോടെ ഇത് നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് വിവാദങ്ങളില്‍ നിന്നും രക്ഷ നേടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ലാവ്ലിന് കമ്പിയുടെ ഡയറക്ടറുമായടക്കം കേരളത്തില്‍ വെച്ച് നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ലാവ്ലിന് കമ്പനിയുടെ ഡയറക്ടറുമാരില്‍ ഒരാളായ എറിക് സീഗലടക്കം നാല് പേരാണ് തിരുവനന്തപരത്ത് എത്തിയന്നെ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാര്‍ച്ച് 23 മുതല്‍ 27 വരെ തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് ഇവര്‍ തങ്ങിയത്.
ഇവരുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 2150 കോടിയുടെ മസാല ബോണ്ട് ഇറക്കിയപ്പോള്‍ ഏതെല്ലാം കമ്പനിയാണ് ഇത് വാങ്ങിയതെന്നും എന്തുകൊണ്ട് കിഫ്ബി ഇക്കാര്യം രഹസ്യമായി വെച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ദേശീയ അന്തര്‍ദേശീയ കണക്കില്‍ ഏറ്റവും വലിയ പലിശ നിരക്കായ 9.8 ശതമാനം പലിശ നിരക്കിലാണ് ബോണ്ടിറക്കിയത്. പലിശ മാത്രമായി 5213 കോടി രൂപ സംസ്ഥാനം നല്‍കേണ്ടി വരും. 25 വര്‍ഷം കൊണ്ട് മുതലടക്കം 7373 കോടിയാണ് തിരിച്ചടവ് വരുന്നത്. വരും തലമുറകളെ കടക്കെണിയിലാക്കുന്ന നടപടിയാണിത്
ഇതിനെക്കാള്‍ കുറഞ്ഞ പലിശയ്ക്ക് പണം ലഭ്യമായിട്ടും അതെടുത്തില്ലെന്നു ഇതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേത് വിചിത്ര വാദമാണെന്നും, ബോണ്ട് പലിശ തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും സി.ഡി.പിക്യൂവിന്റെ മറവില്‍ ലാവ്ലിന് കൊള്ളലാഭമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ബാധ്യത സര്‍ക്കാര്‍ കാണുന്നത് ലാഘവ ബുദ്ധിയോടെയാണ്. ഇതിന്റെ മുഴുവന്‍ ഫയലുകളും പ്രതിപക്ഷത്തെ കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഏതെല്ലാം കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്ന് വെളിപ്പെടുത്താന്‍ കിഫ്ബി സി.ഇ.ഒ കെ.എം ഏബ്രഹാം തയ്യാറാവണമെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.