ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണ്ണം: ഏകപക്ഷീയമായി നടപ്പാക്കുന്നത് വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കും: രമേശ് ചെന്നിത്തല  

Jaihind Webdesk
Saturday, June 1, 2019

Ramesh-Chennithala

തിരുവനന്തപുരം: അപൂര്‍ണ്ണമായി മാത്രം പുറത്തു വന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വേണ്ടത്ര ചര്‍ച്ചയോ, ആലോചനയോ കൂടാതെ  ധൃതി പിടിച്ച് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പൊതു വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകരെ രണ്ടു തട്ടിലാക്കുകയും സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം തകര്‍ക്കുകുയം ചെയ്യുന്ന ഈ തുക്‌ളക് പരിഷ്‌ക്കാരമാണിത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അദ്ധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും, നിയമസഭയില്‍ ഇത് സംബന്ധിച്ച് അടിയന്തിര പ്രമേയം കൊണ്ടു വന്നിട്ടും അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കാനായി ഉത്തരവിറക്കിയിരിക്കുന്നത്. ഇത് കടുത്ത സാഹസവും അഹന്തയുമാണ്. വിദ്യാഭ്യാസ രംഗത്തെ ഇത് സംഘര്‍ഷ ഭരിതമാക്കും.

വിദ്യാഭ്യാസം മേഖലയിലെ ചെറിയ പരിഷ്‌ക്കാരം പോലും അവധാനതയോടെ വേണം നടപ്പാക്കേണ്ടത്. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ താത്പര്യം വച്ച് ചെയ്യേണ്ടതല്ല വിദ്യാഭ്യാസ പരിഷ്‌ക്കരണം. സി.പി.എമ്മിന്റെ അദ്ധ്യാപക സംഘടനാ നേതാക്കളുടെ താത്പര്യ പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ  രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം വിദ്യാര്‍ത്ഥികളോടും സമൂഹത്തോടും ചെയ്യുന്ന അപരാധമാണ്.

കേരളത്തിലെ   സ്‌കൂള്‍മാനേജ്മെന്റകളില്‍ വലിയൊരു വിഭാഗവും  വിദ്യാര്‍ത്ഥികളും, അധ്യാപക സംഘടനകളും സര്‍ക്കാരിന്റെ ഈ പരിഷ്‌ക്കരണത്തിനെതിരാണ്.  ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് രണ്ട്  ഭാഗമുണ്ടെന്നാണ്  പറയുന്നത്.  ആദ്യ ഭാഗമേ ഇപ്പോള്‍  ലഭിച്ചിട്ടുള്ളു. രണ്ടാം ഭാഗം ഇതുവരെ   പുറത്ത് വന്നിട്ടില്ല. ഭരണപരമായ പരിഷ്‌ക്കാരങ്ങളാണ് ഒന്നാം ഭാഗത്തില്‍. കാതലായ അക്കാദമിക് കാര്യങ്ങള്‍ രണ്ടും പകുതിയിലാണ്. അത് പുറത്തു വരാതെ  ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതെങ്ങനെ? ഇത് നമ്മുടെ വിദ്യാഭ്യാസ മേഖലെയയും, വിദ്യാര്‍ത്ഥികളുടെ ഭാവിയെയും തകര്‍ക്കും. അധ്യാപകരുടെ പ്രമോഷനെയും അധികാരത്തെയും  ഇതെല്ലാം ബാധിക്കും. അധികാര വികേന്ദ്രീകരണത്തിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ അധികാര കേന്ദ്രീകരണമാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരായി  പ്രതിപക്ഷ  അധ്യാപക സംഘടനകള്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുകയാണെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.