‘മുഖ്യമന്ത്രിക്ക് കള്ളം കയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യത’ ; സർക്കാരിനെ അടിമുടി പ്രതിരോധത്തിലാക്കി രമേശ് ചെന്നിത്തല, രണ്ട് സുപ്രധാന രേഖകള്‍ കൂടി പുറത്തുവിട്ടു

Jaihind News Bureau
Sunday, February 21, 2021

 

തിരുവനന്തപുരം : ഇഎംസിസി ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സർക്കാരിനെ അടിമുടി പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ധാരണാപത്രം ഉള്‍പ്പെടെ രണ്ട് സുപ്രധാന രേഖകള്‍ കൂടി അദ്ദേഹം പുറത്തുവിട്ടു. വിഷയത്തില്‍  മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഫിഷറീസ് മന്ത്രിയും നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കില്‍ വെച്ച് ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തി എന്ന തന്‍റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. 

രണ്ട് രേഖകളാണ് ഇന്ന് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഇഎംസിസി അസന്‍റില്‍ വെച്ച് സർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് നാലേക്കർ ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവും അദ്ദേഹം പുറത്തുവിട്ടു. ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കില്‍ ധാരണാപത്രം ഒപ്പിട്ടത് എന്തിനെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സർക്കാരുമായുള്ള രേഖകളൊന്നും പുറത്തുവിട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ സങ്കടം മുഖ്യമന്ത്രിക്ക് വേണ്ടെന്നും സർക്കാർ ഒപ്പുവെച്ച രേഖകളാണ് പുറത്തുവിടുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ പഴി ചാരി രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമം. ഫിഷറീസ് മന്ത്രിക്കൊപ്പം ഇഎംസിസി സിഇഒ മുഖ്യമന്ത്രിയേയും കണ്ടതായും രമേശ് ചെന്നിത്തല വെളിപ്പെടുത്തി. കള്ളം കയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ധാരണാപത്രം റദ്ദാക്കാന്‍ സർക്കാരിന് ധൈര്യമുണ്ടോയെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.