തിരുവനന്തപുരം: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറിന്‍റെ കുടുംബത്തിന് പരമാവധി ധനസഹായം നല്‍കണമെന്നും വെറ്റനറി സര്‍വ്വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ അദ്ദേഹത്തിന്‍റെ ഭാര്യഷീനയുടെ ജോലി സ്ഥിരപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി. വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുടെ പഠനച്ചെലവും, ജീവിതവും ഇനി മുതല്‍ ഷീനയുടെ ഉത്തരവാദിത്വത്തിലാണ് എന്ന സാഹചര്യം കണക്കിലെടുത്താണ് കുടംബത്തിന് ധനസഹായം നല്‍കണമെന്നും, ജോലി സ്ഥിരപ്പെടുത്തി നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.
നാടിന് വേണ്ടി ജീവന്‍ ത്യജിച്ച ആ കുടുംബത്തെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തം ആണ്. കഴിഞ്ഞ ദിവസം ലക്കിടിയിലെ വസന്ത്കുമാറിന്‍റെ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് അദ്ദേഹത്തിന്‍റെ ഭാര്യയെയും, കുടംബാംഗങ്ങളെയും അനുശോചനം അറിയിക്കുകയും, സംസാരിക്കുകയും ചെയ്തിരുന്നു. ആ കുടുംബത്തിന്‍റെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും അടിയന്തിരമായി ഈ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. എംഎല്‍എ മാരായ കെ.സി ജോസഫ്, അന്‍വര്‍സാദത്ത്, ശബരീനാഥ്, ഹൈബി ഈഡന്‍ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.