എംകെ രാഘവന്‍ എംപി മുന്‍കൈ എടുത്തു ; രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറു വരി പാത നിർമ്മാണ പ്രവർത്തനം ഉടന്‍

Jaihind Webdesk
Thursday, July 22, 2021

ന്യൂഡൽഹി : അനിശ്ചിതത്വത്തിലായിരുന്ന കോഴിക്കോട് രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറു വരി പാത നിർമ്മാണ പ്രവർത്തനം ഓഗസ്റ്റ് 10ന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗിരി എം കെ രാഘവൻ എം പി ക്ക് ഉറപ്പ് നൽകി. വ്യാഴാഴ്ച പാർലമെൻറിലെ മന്ത്രി ഗഡ്ഗിരിയുടെ ഓഫീസിൽ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്.ദേശീയ പാത അതോറ്റി മെമ്പർ പ്രൊജക്ട്സ് ആർ . കെ പാണ്ഡെ അടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.

രണ്ട് വർഷം കൊണ്ട് പൂർത്തിയാകേണ്ട പദ്ധതി മൂന്ന് വർഷമായും തുടങ്ങാതെ, ജനങ്ങളെ ദുരിതത്തിലാക്കിയ കാര്യം എം പി യോഗത്തിൽ വിശദീകരിച്ചതോടെ പദ്ധതിക്ക് കരാർ എടുത്ത ഹൈദരബാദ് ആസ്ഥാനമായ കെ എം സി കമ്പനി എംഡി വിക്രം റെഡ്ഡിയെ ഗഡ്ഗിരി ഫോണിൽ നേരിട്ട് വിളിക്കുകയും അന്ത്യശാസനം നൽകി.

അടുത്ത മാസം 10ന് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങണമെന്ന് മന്ത്രി കമ്പനിക്ക് അന്ത്യശാസനം നൽകുകയും, കമ്പനി അംഗീകരിക്കുകയും ചെയ്തു. കെ.എം.സിയുടെ നേരത്തേയുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളും ,സ്പെഷൽ പർപ്പസ് വെഹിക്കിളിൽ ഓഹരി എടുത്ത,യാതൊരു വിധ പ്രവൃത്തി പരിചയമില്ലാത്ത കേരള സർക്കാർ സ്ഥാപനമായ ഇൻകെലും ആണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് യോഗത്തിൽ വിലയിരുത്തി.

സുദീർഘമായ അനിശ്ചിതത്വത്തിലും, കമ്പനികൾ മാറി വരുന്നതിലും എം പി ആശങ്ക അറിയിച്ചപ്പോൾ മന്ത്രി തന്നെ നേരിട്ട് മേൽനോട്ടം വഹിക്കാമെന്നാണ് അറിയിച്ചത്.

ആഗസ്റ്റ് മാസം പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ നിരാഹാര സമരത്തിനും, നിയമ പോരാട്ടത്തിനും, ബഹുജന പ്രക്ഷോഭത്തിനും നേതൃത്വം നൽകുമെന്നും എം പി അറിയിച്ചു.