രാമനാട്ടുകര അപകടം : മരിച്ചവർ സ്വർണക്കടത്തിന്‍റെ ഇടനിലക്കാരെന്ന് സൂചന ; ക്രിമിനല്‍ പശ്ചാത്തലമെന്നും പൊലീസ്‌

Jaihind Webdesk
Monday, June 21, 2021

കോഴിക്കോട് : രാമനാട്ടുകരയിൽ അപകടത്തിൽ  മരിച്ചവർ സ്വർണക്കടത്തിന്‍റെ ഇടനിലക്കാരെന്ന് സൂചന. വാട്സ്ആപ്പ്  ഗ്രൂപ്പിലൂടെയായിരുന്നു സ്വർണക്കടത്ത് ഏകോപനം. അതേസമയം കൊവിഡ് കാലത്ത് മൂന്ന് വാഹനങ്ങളിലായി പതിനഞ്ചോളം പേർ എന്തിന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തി എന്ന് വിശദമായി അന്വേഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്ജ് വ്യക്തമാക്കി.

കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാൻ എത്തിയെന്ന് പറയുമ്പോഴും പാലക്കാട്ടുകാരായ ഇവർ എന്തിന് രാമനാട്ടുകരയിൽ എത്തി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. മരിച്ച അഞ്ചുപേർക്കും ക്രിമിനൽ പശ്ചാത്തലം ഉള്ളതായി ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ നടത്തി കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് എ.വി ജോർജ്ജ് വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട വാഹനത്തിനൊപ്പമുണ്ടായിരുന്ന രണ്ടു വാഹനങ്ങളിൽ ഒരു വാഹനം പൊലീസ് പിടിച്ചെടുത്തു. ഫറൂഖ് പൊലീസിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ച് യുവാക്കള്‍ മരിച്ചത്. രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയിലായിരുന്നു അപകടം. മരണത്തിനിടയാക്കിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. സിമന്‍റ് കയറ്റിവന്ന ലോറിയിലാണ് വാഹനം ഇടിച്ചത്. പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം.