അയോധ്യ ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് തലവന് കൊവിഡ്

Jaihind News Bureau
Thursday, August 13, 2020

 

രാമജന്മഭൂമി ട്രസ്റ്റിന്‍റെ തലവൻ മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവ‍ർക്കൊപ്പം നൃത്യഗോപാൽ ദാസും വേദി പങ്കിട്ടിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ നാല് പേർക്ക് മാത്രമാണ് ചടങ്ങിൽ വേദിയിലിരിക്കാൻ അനുമതിയുണ്ടായിരുന്നത്.

ഓഗസ്റ്റ് 5 നാണ് രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തത്. ഭൂമിപൂജാ ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, രാമക്ഷേത്രത്തിലെ പൂജാരികളിലൊരാളായ പ്രദീപ് ദാസിനും 14 പൊലീസുദ്യോഗസ്ഥർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന പൂജാരി കൂടിയായ നൃത്യഗോപാൽ ദാസിനും കൊവിഡ് സ്ഥിരീകരിക്കുന്നത്.

പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൃത്യഗോപാല്‍ ദാസിന്‍റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൃത്യഗോപാല്‍ ദാസിന്‍റെ ആരോഗ്യവിവരം സംബന്ധിച്ച് വിശദാംശങ്ങള്‍ തേടി.