മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭാ സീറ്റ് ; സിപിഎമ്മിലും മുന്നണിക്കുള്ളിലും അതൃപ്തി

Jaihind Webdesk
Friday, April 16, 2021

 

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭാ സീറ്റുകള്‍ നല്‍കിയതില്‍ സിപിഎമ്മിനുള്ളിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തി. ജോണ്‍ ബ്രിട്ടാസിനുള്‍പ്പെടെ സീറ്റ് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. കെ.കെ രാഗേഷിനെയും എ.എ റഹീമിനേയും ഉള്‍പ്പെടെ തഴഞ്ഞതിനെതിരെയും പ്രവർത്തകർ  രംഗത്തെത്തി.

കര്‍ഷകസമരത്തിലടക്കം സജീവമായിരുന്ന കെ.കെ രാഗേഷിനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു. കഴിഞ്ഞതവണ എളമരം കരീമിന് അവസരം നല്‍കിയപ്പോള്‍ ഒഴിവാക്കപ്പെട്ട ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനും ഇത്തവണ അവസരം നിഷേധിച്ചു.

പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എ ബേബി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും നിയമസഭ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ട തോമസ് ഐസക്കും പരിഗണിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമായിരുന്നു സ്വന്തം മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസിന്‍റേയും സ്ഥാനാർത്ഥിത്വത്തിനുപിന്നില്‍.

ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടിവി തുടങ്ങിയപ്പോൾ ചാനലിന്‍റെ ചീഫ് എഡിറ്ററും പിന്നീട് എംഡിയുമായി. ഡല്‍ഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ കാണാനെത്തുമ്പോൾ എപ്പോഴും മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടാകാറുണ്ട്. അതേസമയം കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 20- വരെയാണ് പത്രിക നൽകാനുള്ള തീയതി. തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒഴിവായേക്കും.