ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് ബി.ജെ.പി

Jaihind Webdesk
Saturday, November 9, 2019

Rajnath-Singh

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് പറഞ്ഞ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡെറാഡൂണില്‍ മാധ്യമങ്ങളെ കാണവെ ‘സമയമായി’ (ആഗയാ സമയ്) എന്നായിരുന്നു ഏകീകൃത സിവില്‍ കോഡിനെ പരാമർശിച്ച് രാജ്നാഥ് സിംഗ് പ്രതികരിച്ചത്.

ഏകീകൃത സിവില്‍കോഡ് (യു.സി.സി – യൂണിഫോം സിവിൽ കോഡ്) സംബന്ധിച്ച ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നവംബര്‍ 15 ന് വാദം കേള്‍ക്കും. ഏകീകൃത സിവില്‍കോഡ് തര്‍ക്കവിഷയമായി തുടരുകയാണ്. 2019 മേയില്‍ സിവില്‍കോഡ് സംബന്ധിച്ച പൊതുതാൽപര്യ ഹർജികളില്‍ സത്യവാങ്മൂലം സമർപ്പിക്കാൻ ഡല്‍ഹി ഹൈക്കോടതി ലോ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം അയോധ്യാ വിധി പ്രശംസനീയമെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.