മന്ത്രിസഭാ ഉപസമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ രാജ്‌നാഥ് സിംഗിന് കടുത്ത അതൃപ്തി

Jaihind Webdesk
Friday, June 7, 2019

Rajnath-Singh

മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയിൽ പ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കടുത്ത അതൃപ്തിയെന്ന് സൂചന. പ്രതിഷേധമറിയിച്ചതോടെ കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തി രാജ്‌നാഥിനെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി.

സർക്കാർ രൂപീകരിച്ച എട്ട് മന്ത്രിസഭാ സമിതികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് രാജ്‌നാഥ് സിംഗിനെ അംഗമാക്കിയിരുന്നത്. ഇതിൽ പ്രതിഷേധിച്ച് രാജ്‌നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പാർലമെൻററി കാര്യ സമിതി, രാഷ്ട്രീയകാര്യസമിതി, നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നിവയിലേക്കാണ് രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തേ രാജ്‌നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ പാർലമെൻററി കാര്യസമിതിയിൽ അമിത് ഷായ്ക്ക് പകരം രാജ്‌നാഥ് സിംഗ് അധ്യക്ഷനാകും. അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എട്ട് മന്ത്രിസഭാ സമിതികളിലും അംഗമാണ്. ഇതിൽ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷനും അമിത് ഷായാണ്.

അമിത് ഷാ അധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന നിയമനകാര്യസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാത്രമാണുളളത്. വിവാദമായപ്പോഴും ഈ സുപ്രധാനസമിതിയിലേക്ക് രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല.