ടാറ്റയുടെ കൊവിഡ് ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ സാന്ത്വനം ചികിത്സവേണം : രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

Jaihind Webdesk
Tuesday, March 29, 2022

കാസർകോട് : ടാറ്റ ഗ്രൂപ് നിർമ്മിച്ച് സർക്കാരിന് നല്‍കിയ കൊവിഡ് ആശുപത്രി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാകേന്ദ്രമാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. നിലവില്‍ വെറുതെ കിടക്കുന്ന ചട്ടാഞ്ചല്‍ കൊവിഡ് ആശുപത്രിയെയാണ് എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയർ ആക്കണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ടാറ്റ ട്രസ്റ്റിനോട് നേരിട്ട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യാനുള്ള നീക്കങ്ങള്‍ തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉറപ്പു നല്‍കി.

രോഗബാധിതരുടെ കുടുംബാംഗങ്ങളുടേയും  പാലിയേറ്റീവ് പ്രവർത്തകരുടേയും ആവശ്യം പരിഗണിച്ചാണ് എംപിയുടെ ഇടപെടല്‍. ആശുപത്രിയെ എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയറാക്കി മാറ്റാന്‍ സർക്കാർ തയ്യാറാകണം. ഇതിനായി കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളൊരുക്കാന്‍ ടാറ്റ ട്രസ്റ്റിന്‍റെ സഹായം തേടണം. രോഗബാധിതരുടെ ദുരിതം മനസ്സിലാക്കി ഫണ്ട് അനുവദിക്കാന്‍ ടാറ്റ കമ്പനി തയ്യാറായേക്കും. സർക്കാർ ഇക്കാര്യത്തില്‍ സന്നദ്ധമാകുന്നതിന് എംപിയെന്ന നിലയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.