കാസര്‍ഗോഡ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിനെ ചൊല്ലി കാസർഗോഡ് തർക്കം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താന്‍റേതാണ് പരാതി. ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് പരാതി. ഒൻപത് മണി മുതൽ താന്‍ ക്യൂവിൽ നിൽക്കുകയാണെന്നും എന്നാല്‍ തനിക്ക് തരാതെ ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നൽകാൻ ശ്രമിച്ചെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പരാതി. സംഭവത്തില്‍ രാജ്മോഹൻ ഉണ്ണിത്താൻ കളക്ട്രേറ്റിൽ പ്രതിഷേധിച്ചു.
എന്നാല്‍ രാവിലെ ഏഴു മണിക്ക് തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാൽ തെളിവുണ്ടെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്‍റെ പ്രതിനിധി അസീസ് കടപ്പുറം പറഞ്ഞു. പത്രിക സമർപ്പിക്കാന്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം ടോക്കൺ അനുവദിക്കും എന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്ട്രേറ്റിലെത്തി ക്യൂ നിന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ അസീസ് കടപ്പുറം കളക്‌ടറുടെ ഓഫീസില്‍ ഉണ്ടായിരുന്നെന്നാണ് പറയുന്നത്. ടോക്കൺ അനുവദിക്കുമ്പോൾ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസിൽ നിന്നുള്ള മറുപടി. തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു.