മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം വേണമെന്ന ആവശ്യം നിറവേറ്റപ്പെടണം; ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം വേണമെന്ന ആവശ്യം നിറവേറ്റപ്പെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കേരള കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്ത് ഉന്നത നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. നിരവധി കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുള്ള ഇവിടെത്തെ ഉദ്യോഗസ്ഥരില്‍ 90 ശതമാനവും ഇതര ജില്ലകളില്‍ നിന്നും വരുന്നവരാണ്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസ ഭാവി കണക്കിലെടുത്ത് ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്ഥലം മാറ്റം വാങ്ങി തിരിച്ചു പോകുന്ന അവസ്ഥയാണ്. അതിനാല്‍ മഞ്ചേശ്വരം താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ തന്നെ മഞ്ചേശ്വരത്ത് ഒരു കേന്ദ്രീയ വിദ്യാലയം താല്‍ക്കാലിക സംവിധാനത്തിലെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന ചോദ്യമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സഭയില്‍ ഉന്നയിച്ചത്.

അതേസമയം ധാരാളം സര്‍ക്കാര്‍ ഭൂമി ഇവിടെ ലഭ്യമാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭൂമി ഏറ്റെടുത്ത് ലഭ്യമാക്കിയാല്‍ ഇവിടെ ഒരു കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, കേരള സംസ്ഥാനത്ത് 38 കെവികള്‍ ഉള്‍പ്പെടെ 1252 കേന്ദ്രീയ വിദ്യാലയങ്ങള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നല്‍കിയാല്‍ അത് പരിശോധിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുതിയ കെവി സ്ഥാപിക്കുന്നതിന് തടസ്സമില്ലെന്നും ഇതിനു ആവശ്യമായ സ്ഥലവും താല്‍ക്കാലിക താമസസൗകര്യവും ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് മഞ്ചേശ്വരം താലൂക്കില്‍ പുതിയ കെവി തുറക്കുന്നതിനുള്ള നടപടി സീകരിക്കാവുന്നതാണെന്ന് എംപിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദ്യാഭ്യാസ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ മറുപടി നല്‍കി. എന്നാല്‍ എല്ലാ മേഖലയിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മാത്രം നേരിടുന്ന മഞ്ചേശ്വരത്തിന്‍റെ വിദ്യാഭ്യാസ വികസന കാര്യത്തില്‍ ആവശ്യമായ താല്‍പ്പര്യം കാണിക്കാതെ കേന്ദ്രീയ വിദ്യാലയത്തിനുള്ള ഒരു പ്രൊപോസല്‍ പോലും കൊടുക്കാന്‍ തയാറാകാതിരുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്നും എംപി കുറ്റപ്പെടുത്തി. ഈ വിവരം സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഇതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മഞ്ചേശ്വരത്തെ ജനങ്ങള്‍ക്കൊപ്പമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment