രാഷ്ട്രീയമായി പറയുന്ന കാര്യങ്ങൾക്കു രാഷ്ട്രീയമായാണ് മറുപടി പറയേണ്ടത് : രാജ്‌മോഹൻ ഉണ്ണിത്താൻ

Jaihind News Bureau
Tuesday, June 23, 2020

ലിനിക്ക് മരണാനന്തര ബഹുമതി നൽകാൻ ആവശ്യപെട്ട മൂന്ന് എംപിമാരിൽ ഒരാളാണ് മുല്ലപ്പള്ളിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ലിനിയുടെ ഭർത്താവിന് ജോലി നല്‍കാൻ ആവശ്യപ്പെട്ടതും കോൺഗ്രസ് ആണ്. എന്നാലിപ്പോൾ ലിനിയുടെ ഭർത്താവ് എല്ലാം മറന്നിരിക്കുന്നു. അദ്ദേഹം സി പി എമ്മിന്‍റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ കോഴിക്കോട് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണ് രാജ് മോഹൻ ഉണ്ണിത്താൻ എംപി വിമർശിച്ചത്. മുല്ലപ്പള്ളി രാഷ്ട്രീയമായി പറയുന്ന കാര്യങ്ങൾക്കു രാഷ്ട്രീയമായാണ് മറുപടി പറയേണ്ടത്. അല്ലാതെ കൊവിഡ് വിശകലനത്തിൽ അല്ല. ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കും. സ്ത്രീ വിരുദ്ധതയെപ്പറ്റി പറയാൻ മുഖ്യമന്ത്രിക്കു എന്ത് ധാർമികതയാണ് ഉള്ളത്. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയവരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ലിനിയുടെ കുടുംബത്തെ പോലും മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിനായാണ് ശ്രമിച്ചത്.

അസാധ്യമാണെന്ന് അറിഞ്ഞു കൊണ്ടാണ് പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ്‌ നിർബന്ധമാക്കിയത്. മരണം വിലക്ക് വാങ്ങാൻ ഞങ്ങളില്ല എന്നാണ് സർക്കാർ നിലപാടെങ്കിൽ അത് വ്യക്തമാക്കണം. ഒരു മലയാളിയുടെ ജീവൻ പോലും മരണത്തിനു വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞ സർക്കാർ അവരെ തിരികെ കൊണ്ട് വരാൻ എന്താണ് ചെയ്തിട്ടുള്ളത് എന്നും രാജ് മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.